ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിനു തിരിച്ചടിയായി ഡൽഹി ഹൈക്കോടതി വിധി. കോൺഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡിന്റെ ആസ്ഥാനമായ ഡൽഹിയിലെ ഹെറാൾഡ് ഹൗസ് ഒഴിയണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. പ്രസാധകരായ അസോസിയേറ്റഡ് ജേർണൽ നൽകിയ ഹർജി തള്ളിയാണ് ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ,ജസ്റ്റിസ് വി.കെ റാവു എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നടപടി.

ഹെറാൾഡ് ഹൗസിന്റെ 56 വർഷത്തെ പാട്ടക്കരാർ അവസാനിപ്പിച്ച് നവംബർ 15- നകം കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് കേന്ദ്ര നഗരവികസന മന്ത്രാലയം ഒക്ടോബർ 30ന് നോട്ടീസ് നൽകിയിരുന്നു. 2008 മുതൽ അവിടെ പത്രം പ്രവർത്തിക്കുന്നില്ലെന്നും വാണിജ്യ ആവശ്യങ്ങൾക്കാണ് കെട്ടിടം ഉപയോഗിക്കുന്നതെന്നും ഇത് പാട്ടക്കരാർ ലംഘനമാണെന്നുംചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. ഇതിനെതിരെയാണ് പ്രസാധകർ കോടതിയെ സമീപിച്ചത്. നോട്ടീസിലെ ആക്ഷേപം അംഗീകരിച്ച് കഴിഞ്ഞ് ഡിസംബർ 21-നാണ് ജസ്റ്റിസ് സുനിൽ ഗൗർ കെട്ടിടം ഒഴിയാൻ ഉത്തരവിട്ടത്.

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും അംഗങ്ങളായ യംഗ് ഇന്ത്യൻ കമ്പനി,​ അസോസിയേറ്റ് ജേർണലിന്റെ ഭൂരിഭാഗം ഓഹരികൾ വാങ്ങിയതിലും കരാർ ലംഘനം നടന്നെന്ന് അന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.