ന്യൂഡൽഹി: 'എ.ഐ.എ.ഡി.എം.കെ" എന്ന പേരും രണ്ടില ചിഹ്നവും തമിഴ്നാട് മുഖ്യമന്ത്രി പളനിസാമി, ഉപമുഖ്യമന്ത്രി പനീർശെൽവം വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചത് ഡൽഹി ഹൈക്കോടതി ശരിവച്ചു. യഥാർത്ഥ എ.ഐ.എ.ഡി.എം.കെ തങ്ങളാണെന്ന് അവകാശപ്പെട്ട് ജയലളിതയുടെ തോഴി വി.കെ ശശികലയും എ.എം.എ.കെ നേതാവ് ടി.ടി.വി ദിനകരനും നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ജയലളിതയുടെ മരണത്തിന് ശേഷം എ.ഐ.എ.ഡി.എം.കെയിലുണ്ടായ പിളർപ്പിനെ തുടർന്ന് 2017 നവംബർ 23നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പളനിസാമി വിഭാഗത്തെ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചത്. ഉത്തരവിനെതിരെ ദിനകരൻ സുപ്രീംകോടതിയെ സമീപിക്കും. അതിനാൽ അടുത്ത 15 ദിവസം വരെ തമിഴ്നാട്ടിലും പുതുച്ചേരിയിലും പ്രഷർകുക്കർ ചിഹ്നം മറ്റൊരു പാർട്ടിക്കും അനുവദിക്കരുതെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകി. ദിനകരന്റെ ആവശ്യം അംഗീകരിച്ചാണിത്. ജയലളിതയുടെ ആർ.കെ നഗർ മണ്ഡലത്തിൽ പ്രഷർ കുക്കർ ചിഹ്നത്തിൽ മത്സരിച്ച ദിനകരൻ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

യഥാർത്ഥ എ.ഐ.എ.ഡി.എം.കെ ആരാണെന്ന കാര്യത്തിൽ നാലാഴ്ചയ്ക്കുള്ളിൽ ഡൽഹി ഹൈക്കോടതി തീരുമാനമെടുക്കണമെന്ന് ഫെബ്രുവരി ഏഴിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.