ഡൽഹിയിൽ അപൂർവ്വ പത്രസമ്മേളനം
ന്യൂഡൽഹി: ബുധനാഴ്‌ച പാക് യുദ്ധ വിമാനങ്ങൾ ഇന്ത്യൻ അതിർത്തി കടന്ന് മിസൈൽ ആക്രമണം നടത്തിയതിന്റെ തെളിവുകൾ ഇന്ത്യ പുറത്തുവിട്ടു. പ്രകോപനം തുടർന്നാൽ തിരിച്ചടിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.
ഡൽഹിയിൽ മൂന്ന് സേനകളുടെയും പ്രതിനിധികൾ സംയുക്ത പത്രസമ്മേളനത്തിലാണ് പാക് എഫ് - 16 വിമാനം കാശ്‌മീരിലെ രജൗരിയിൽ വർഷിച്ച ആമ്രാം മിസൈലുകളുടെ ഭാഗങ്ങൾ പ്രദർശിപ്പിച്ച് പാകിസ്ഥാന്റെ വാദങ്ങൾ പൊളിച്ചത്. അതിർത്തി കടന്നിട്ടില്ലെന്നാണ് പാകിസ്ഥാന്റെ വാദം.
വ്യോമസേനാ ആസ്ഥാനമായ സൗത്ത് ബ്ളോക്കിന് പുറത്ത് പുൽത്തകിടയിലായിരുന്നു കരസേനയുടെ മേജർ ജനറൽ സുരേന്ദ്രസിംഗ് ബാഹൽ, വ്യോമസേനാ ഉപമേധാവി എയർമാർഷൽ ആർ.ജി.കെ കപൂർ, നാവിക സേനയുടെ റിയർ അഡ്‌മിറൽ ഡി.എസ്. ഗുജ്‌റാൾ എന്നിവർ അപൂർവ്വ പത്രസമ്മേളനം നടത്തിയത്.
പാകിസ്ഥാന്റെ എഫ്. 16 വിമാനങ്ങൾ അതിർത്തി കടന്ന് ഇന്ത്യൻ സേനാ ക്യാമ്പുകളെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തിയെന്ന് തെളിയിക്കുന്നതിനൊപ്പം അഭിനന്ദൻ പറത്തിയ മിഗ് 21 വിമാനം പാക് അതിർത്തിക്കുള്ളിൽ വീണതെങ്ങനെയെന്നും വ്യോമസേനാ ഉപമേധാവി എയർമാർഷൽ ആർ.ജി.കെ. കപൂർ വിവരിച്ചു. ബുധനാഴ്‌ച രാവിലെ അതിർത്തി കടന്നെത്തിയത് പാകിസ്ഥാന്റെ എഫ്. 16 വിമാനങ്ങൾ തന്നെയാണെന്ന് ഇന്ത്യൻ റഡാറുകളിൽ പതിഞ്ഞ ഇലക്ട്രോണിക് സിഗ്‌നലുകളിലൂടെ തെളിഞ്ഞു. ജമ്മുകാശ്‌മീർ അതിർത്തിയിലെ രജൗരിയിൽ നിന്ന് കണ്ടെടുത്ത ആമ്രാം (എ.ഐ.എം 120) മിസൈലിന്റെ ഭാഗങ്ങളും പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ആകാശത്തു നിന്ന് ആകാശത്തേക്ക് തൊടുക്കുന്ന അമേരിക്കൻ നിർമ്മിത മദ്ധ്യദൂര മിസൈൽ എഫ്-16 വിമാനത്തിൽ ഉപയോഗിക്കുന്ന കാര്യവും അദ്ദേഹം
വിശദീകരിച്ചു.
പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ ഇന്ത്യയുടെ മിഗ്- 21 വിമാനം തകർന്നു. പാരച്യൂട്ടിൽ രക്ഷപ്പെട്ട പൈലറ്റ് അഭിനന്ദൻ പറന്നിറങ്ങിയത് പാകിസ്ഥാൻ അതിർത്തിക്കുള്ളിലാണ്. അദ്ദേഹത്തെ പാക് കരസേന തടവിലാക്കി. എന്നാൽ മൂന്ന് വിമാനങ്ങൾ വെടിവച്ചിട്ടെന്ന വാദം പാകിസ്ഥാൻ തന്നെ തിരുത്തിയെന്നും കപൂർ പറഞ്ഞു. അഭിനന്ദനെ വിട്ടയ്‌ക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്‌ത കപൂർ ജനീവ കരാറിന്റെ അടിസ്ഥാനത്തിൽ അതു ചെയ്യാൻ പാക് സേനയ്‌ക്ക് ബാദ്ധ്യതയുണ്ടെന്നും വ്യക്തമാക്കി.
ബലാക്കോട്ടിൽ ജെയ്ഷെ മുഹമ്മദ് താവളം തകർന്ന ഒാപ്പറേഷൻ വൻ വിജയമായിരുന്നുവെന്നും എയർമാർഷൽ ചൂണ്ടിക്കാട്ടി. ലക്ഷ്യങ്ങളെല്ലാം കൃത്യമായി തകർത്തുവെന്നും അതിന്റെ തെളിവുകൾ പുറത്തുവിടേണ്ടത് രാഷ്‌ട്രീയ നേതൃത്വമാണെന്നും അദ്ദേഹംപറഞ്ഞു.
പാകിസ്ഥാന്റെ അവകാശവാദങ്ങൾ പൊളിക്കാൻ വൈകിട്ട് അഞ്ചുമണിക്ക് പത്രസമ്മേളനം നടത്തുന്ന വിവരം രാവിലെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വ്യോമസേനാ പൈലറ്റ് അഭിനന്ദനെ മോചിപ്പിക്കുമെന്ന് വൈകുന്നേരം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ പ്രഖ്യാപിച്ചതോടെ പത്രസമ്മേളനം രണ്ടുമണിക്കൂർ നീട്ടി. വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ സുരക്ഷയ്‌ക്കായുള്ള മന്ത്രിതല ഉപസമിതി യോഗവും ചേർന്ന ശേഷമാണ് മൂന്നുസേനാ പ്രതിനിധികളും മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയത്.