ന്യൂഡൽഹി: ഒത്തുകളി വിവാദത്തെ തുടർന്ന് ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ശരിവച്ച കേരള ഹൈക്കോടതി വിധിക്കെതിരെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് നൽകിയ ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി. കളിയെ സ്വാധീനിക്കാൻ ശ്രീശാന്ത് ശ്രമിച്ചുവെന്നും വിലക്കേർപ്പെടുത്തിയത് പൂർണമായും നിയമപരമാണെന്നും ബി.സി.സി.ഐ ഇന്നലെ കോടതിയിൽ പറഞ്ഞു. പണം ആവശ്യപ്പെട്ടത് ടെലിഫോൺ രേഖകളിൽ നിന്ന് വ്യക്തമാണ്. അത് മിക്കവാറും ലഭിച്ചിട്ടുണ്ടാകും.
ഒരു ഓവറിൽ 14 റൺസ് വിട്ടുകൊടുക്കാൻ സമ്മതിച്ചതിലൂടെ കളിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ബി.സി.സി.ഐ പറഞ്ഞു. ശ്രീശാന്തിന് പത്തുലക്ഷം ലഭിച്ചതിന് എന്താണ് തെളിവെന്ന് ജസ്റ്റിസ്മാരായ അശോക് ഭൂഷണും കെ.എം ജോസഫുമടങ്ങിയ ബെഞ്ച് ചോദിച്ചു.
ഷോക്കോസ് നോട്ടീസിന് നൽകിയ മറുപടിയിൽ 10ലക്ഷം ലഭിച്ചുവെന്ന ആരോപണത്തിന് ശ്രീശാന്ത് വ്യക്തമായ മറുപടി പറഞ്ഞിട്ടില്ലെന്ന് ബി.സി.സി.ഐയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ ആരോപണങ്ങളെല്ലാം ശ്രീശാന്തിൻറെ അഭിഭാഷകൻ സൽമാൻ ഖുർഷിദ് നിഷേധിച്ചു. പ്രതിഫലമായി പത്തുലക്ഷം രൂപ ലഭിച്ചു എന്നതുൾപ്പടെയുള്ള ആരോപണങ്ങളിൽ ഒരുതെളിവുമില്ലെന്നും കുറഞ്ഞപക്ഷം വിദേശത്തെങ്കിലും കളിക്കാൻ അനുവദിക്കണമെന്നും നേരത്തെ ശ്രീശാന്ത് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് ശരിവച്ച കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.