salman

ന്യൂഡൽഹി: പാകിസ്ഥാൻ സേന തടവിലാക്കിയ വിംഗ് കമ്മാണ്ടർ അഭിനന്ദന്റെ മോചനത്തിന് നിർണായക ഇടപെടൽ നടത്തിയ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ഇരു രാജ്യങ്ങളും സംഘർഷം അവസാനിപ്പിച്ച് ഉടൻ ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും ഫോണിൽ വിളിച്ച് സംയമനം പാലിക്കാൻ പറഞ്ഞു. സൽമാന്റെ സന്ദേശവുമായി സൗദി അംബാസിഡർ ഡോ. സൗദ് മുഹമ്മദ് അൽ സാത്തി രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. ഇരുവരും ചർച്ച നടത്തുന്നതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഒാഫീസ് സാമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.

പുൽവാമയിൽ ജവാൻമാർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടതിന് പുറകെ സൽമാൻ രാജകുമാരൻ ഇരു രാജ്യങ്ങളിലും സന്ദർശനം നടത്തിയിരുന്നു. ചർച്ചകൾക്ക് മുൻകൈയടുക്കാമെന്ന് അദ്ദേഹം ഇരുരാജ്യത്തെയും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ പൈലറ്റ് അഭിനന്ദിനെ മോചിപ്പിച്ച് സംഘർഷത്തിന് അയവു വരുത്താൻ അദ്ദേഹം ഇന്നലെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് വന്നിരുന്നു.