കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലം പിടിച്ചെടുക്കാൻ സി.പി.എം തെരയുന്നത് പുതുമുഖത്തെയെന്ന് സൂചന. എറണാകുളത്ത് കോൺഗ്രസിന്റെ കോട്ട തകർത്ത് മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ് സി.പി.എം കച്ചമുറുക്കുന്നത്. മണ്ഡലം പിടിക്കാൻ പലകുറി സി.പി.എം രംഗത്തിറക്കി ഒരു വട്ടം വിജയക്കൊടി പാറിച്ച സെബാസ്റ്റ്യൻ പോളിന്റെ മകൻ റോൺ പോളിനെ ഇക്കുറി സി.പി.എം സ്ഥാനാർത്ഥിയാക്കുമെന്നാണ് സൂചന. ഇതിനൊപ്പം യുവജന സംഘടനാ ഭാരാവാഹികളായ രണ്ടുപേരെയും പരിഗണിക്കുന്നു.
കഴിഞ്ഞ തവണ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റി ഫെർണാണ്ടസിനെയാണ് സി.പി.എം സ്ഥാനാർത്ഥിയാക്കിയത്. അത്തരം പരീക്ഷണങ്ങളേക്കാൾ പാർട്ടിയോട് ചേർന്ന് നിൽക്കുന്ന യുവ സ്ഥാനാർത്ഥിയെന്ന വാദത്തിനാണ് ഇപ്പോൾ പാർട്ടിയിൽ മേൽക്കൈ.
എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി സിറ്റിംഗ് എം.പി കെ.വി തോമസിന്റെ പേര് തന്നെയാണ്പറഞ്ഞുകേൾക്കുന്നത്. എന്നാൽ, യുവപ്രാതിനിധ്യം വേണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. അതിന്റെ ഭാഗമായി ഹൈബി ഈഡൻ എം.എൽ.എയുടെ പേര് പറഞ്ഞു കേൾക്കുന്നു. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മത്സരിക്കാൻ സന്നദ്ധനാണെന്ന് ഹൈബി ഈഡൻ ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. എന്നാൽ, ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള കെ.വി തോമസിന് തന്നെയാകും സീറ്റെന്നാണ് പാർട്ടിക്കുള്ളിലെ സംസാരം. ആറു വട്ടം എറണാകുളത്ത് നിന്ന് ലോക്സഭയിലേക്കും ഒരിക്കൽ നിയമസഭയിലേക്കും മത്സരിച്ച മുതിർന്ന നേതാവായ കെ.വി തോമസിന് വീണ്ടും അവസരം നൽകുന്നതിനോട് യുവജന സംഘടനകൾ അത്ര താത്പര്യം പ്രകടിപ്പിക്കുന്നില്ലത്രേ. കൊച്ചി മുൻ മേയർ ടോണി ചമ്മണിയുടെ പേരും ഉയരുന്നുണ്ട്.
കാലടി സർവകലാശാല മുൻ വൈസ് ചാൻസലറും പി.എസ്.സി മുൻ ചെയർമാനുമായ ഡോ. കെ.എസ് രാധാകൃഷ്ണനെ എറണാകുളത്ത് സ്ഥാനാർത്ഥിയാക്കാൻ ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ, സ്ഥാനാർത്ഥിയാകാൻ താത്പര്യമില്ലെന്ന നിലപാടിലാണത്രേ രാധാകൃഷ്ണൻ. നിലവിൽ കഴിഞ്ഞ തവണത്തെക്കാൾ മെച്ചപ്പെട്ട സാഹചര്യമാണ് മണ്ഡലത്തിലുള്ളതെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.
എറണാകുളം മണ്ഡലം
വൈപ്പിൻ, പറവൂർ, കൊച്ചി, തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശേരി, എറണാകുളം നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് എറണാകുളം ലോക്സഭാ മണ്ഡലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂർ, എറണാകുളം, കളമശേരി, തൃക്കാക്കര നിയമസഭാ മണ്ഡലങ്ങളിൽ വിജയക്കൊടി നാട്ടിയത് യു.ഡി.എഫാണ്. വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ എൽ.ഡി.എഫിനായിരുന്നു ജയം. കൊച്ചിയും തൃപ്പൂണിത്തുറയും യു.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തതാണ്.