kaitharam-vhss-
കൈതാരം ഗവ. വി.എച്ച്.എസ് സ്കൂൾ

പറവൂർ : കൈതാരം ഗവ. വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അന്തർദേശീയ നിലവാരമുള്ള മോഡൽ സ്കൂളാക്കി മാറ്റുന്നതിനായി ഒമാൻ ഭരണകൂടത്തിന്റെ സഹായം. സ്കൂൾ ഏറ്റെടുക്കുന്നതിനായി സുൽത്താനേറ്റ് ഒഫ് ഒമാൻ ഭരണകൂടം താത്പര്യം കാട്ടിയതോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകി. സ്കൂളിന്റെ അടിസ്ഥാന ഭൗതീക അക്കാഡമിക് സാഹചര്യങ്ങളിൽ വലിയ പുരോഗതിയുണ്ടാകും.

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയിൽ നാശം സംഭവിച്ചിട്ടുള്ളതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ പ്രദേശങ്ങളിലെ ഏതെങ്കിലും രണ്ട് സ്കൂളുകൾ ഏറ്റെടുത്ത് നവീകരിച്ച് മോഡൽ സ്കൂളായി മാറ്റുവാൻ തയ്യാറാണെന്ന്' ഇന്ത്യൻ സ്കൂൾസ്' സുൽത്താനേറ്റ് ഒഫ് ഒമാൻ ഡയറക്ട്ർ ബോർഡ് ചെയർമാൻ സർക്കാരിനെ സന്നദ്ധത അറിയിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് രണ്ട് സ്കൂളുകൾ തിരഞ്ഞെടുത്തു. കൈതാരം സ്കൂൾ കുടാതെ തിരുവൻവണ്ടൂർ ഗവ. ഹൈസ്കൂളാണ് രണ്ടാമത്തേത്. രണ്ട് സ്കൂളുകളും പുനരുദ്ധാരണത്തിന് വിട്ട് നൽകി പൊതുവിദ്യഭ്യാസ ഡയറക്ടർ കഴിഞ്ഞ 17ന് ഉത്തരവിറക്കി. സ്കൂൾ കെട്ടിടങ്ങളുടേയും വസ്തു വകകളുടേയും ഉടമവസ്ഥവകാശം പൊതുവിദ്യാഭ്യാസ വകുപ്പിൽ നിലനിർത്തിക്കൊണ്ടാണ് പുനരുദ്ധരാണം നടത്തുന്നത്.

ആലുവ വിദ്യാഭ്യാസ ജില്ലയുടെ കീഴിലാണ് കൈതാരം ഗവ. ഹൈസ്കൂൾ. കോട്ടുവള്ളി പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ മത്സ്യത്തൊഴിലാളികളുടെയും പരമ്പരാഗത വ്യവസായ തൊഴിലാളികളുടേയും കുടുംബങ്ങളിലെ വിദ്യാർത്ഥികളാണ് കൂടുതൽ പഠിക്കുന്നത്. പുനർ നിർമ്മാണ വ്യവസ്ഥകൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറും ഇന്ത്യൻ സ്കൂൾസ്' സുൽത്താനേറ്റ് ഒഫ് ഒമാൻ ഡയറക്ടർ ബോർഡും തമ്മിൽ ധാരണപത്രത്തിൽ ഉടനെ ഒപ്പുവെയ്ക്കും.