കുഞ്ഞനന്തന്റെ ശാരീരിക പ്രശ്നങ്ങൾ അറിയിക്കണം
കൊച്ചി: ടി.പി. വധക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന് ജയിലിൽ കിടന്നാലും നല്ല ചികിത്സ കിട്ടുമെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു. രോഗബാധിതനായതിനാൽ ശിക്ഷ മരവിപ്പിച്ച് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞനന്തൻ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.
തനിക്ക് നടക്കാൻ കഴിയുന്നില്ലെന്നും ഗുരുതരമായ രോഗബാധയുണ്ടെന്നും കുഞ്ഞനന്തൻ പറഞ്ഞെങ്കിലും സഹതടവുകാർ സഹായിക്കില്ലേയെന്നും കോടതി ചോദിച്ചു.
കുഞ്ഞനന്തന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അടിയന്തര ചികിത്സ അനിവാര്യമാണെന്നും ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു. മെഡിക്കൽ റിപ്പോർട്ടസരിച്ച് മൂന്നുമാസമായി പല സ്ഥലങ്ങളിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും സർക്കാർ വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ആർ. അരവിന്ദ് തയ്യാറാക്കിയ മെഡിക്കൽ റിപ്പോർട്ടും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. സെർവിക്കൽ സ്‌പോണ്ടിലോസിസ്, ആർത്രൈറ്റിസ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കുഞ്ഞനന്തന്റെ ശാരീരിക പ്രശ്നങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കാൻ സർക്കാരിനോടു നിർദ്ദേശിച്ച ഹൈക്കോടതി ഹർജി ഫെബ്രുവരി എട്ടിന് പരിഗണിക്കാൻ മാറ്റി.
എന്ത് ശാരീരിക ബുദ്ധിമുട്ടാണ് ഇപ്പോഴുള്ളതെന്നും ജയിലിൽ കഴിയാൻ എന്താണ് തടസമെന്നും ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു. കാൻസർ ബാധയുണ്ടോയെന്നു സംശയമുണ്ടെന്നും നടക്കാൻ കഴിയാത്ത സ്ഥിതിയുണ്ടെന്നും അഭിഭാഷകൻ മറുപടി നൽകി. ഏഴു വർഷമായി ശിക്ഷ അനുഭവിക്കുകയാണെന്ന് കുഞ്ഞനന്തന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ പലപ്പോഴും പുറത്താണെന്നാണല്ലോ കേട്ടറിഞ്ഞതെന്നായിരുന്നു കോടതി പറഞ്ഞത്.
ശിക്ഷ തുടങ്ങി രണ്ടു വർഷത്തിനുശേഷം നിയമപ്രകാരമുള്ള പരോൾ മാത്രമാണ് ലഭിച്ചതെന്നായിരുന്നു മറുപടി. മെഡിക്കൽ റിപ്പോർട്ടിന്റെ പകർപ്പ് കേസിലെ മറ്റു കക്ഷികൾക്കു നൽകാൻ നിർദേശിച്ചാണ് ഹർജി മാറ്റിയത്.