volly

കൊച്ചി: നാട്ടിൻപുറങ്ങളുടെ പ്രിയങ്കരമായ വോളിബാളിനെ കൂടുതൽ ജനകീയമാക്കാൻ സംഘടിപ്പിക്കുന്ന പ്രഥമ പ്രോ വോളിബാൾ ലീഗിന് ഇന്ന് കൊച്ചിയിൽ തുടക്കം. ബേസ്‌ലൈൻ വെഞ്ച്വേഴ്‌സും വോളിബാൾ ഫെഡറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ലീഗിലെ ആദ്യ മത്സരത്തിൽ ഇന്ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും യു മുംബയ് വോളിയും തമ്മിൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും.

കേരളത്തിൽ നിന്ന് രണ്ടു ടീമുകളാണ് മത്സരിക്കുന്നത്. ബീക്കൺ സ്‌പോർട്‌സിന്റെ ഉടമസ്ഥതയിലെ കാലിക്കറ്റ് ഹീറോസും. തോമസ് മുത്തൂറ്റിന്റെ ഉടമസ്ഥയിലുള്ള കൊച്ചി ബ്ളൂ സ്പൈക്കേഴ്സും.കൊച്ചിയിൽ പന്ത്രണ്ടു ദിവസം മത്സരങ്ങളുണ്ട്. ഫൈനൽ ഉൾപ്പെടെ ആറു മത്സരങ്ങൾ ചെന്നൈയിലാണ് നടക്കുക.

കാത്തിരുന്ന നിമിഷമാണിതെന്ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ക്യാപ്ടൻ മോഹൻ ഉക്രപാണ്ട്യൻ പറഞ്ഞു. ഏറ്റവും മികച്ചവരാണ് കളിക്കുന്നത്. ആരാധകർ ലീഗിനെ കൈവിടില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വളർന്നു വരുന്ന പ്രതിഭകൾക്ക് മികച്ച അവസരമാകും ലീഗെന്നും ആദ്യമത്സരം ഹോം ടീമിനെതിരെയായത് വെല്ലുവിളിയാണെങ്കിലും തങ്ങൾ ശുഭപ്രതീക്ഷയിലാണെന്നും യു മുംബയ് വോളി നായകൻ ദീപേഷ് സിൻഹ പറഞ്ഞു.
ജെറോം വിനീതാണ് കാലിക്കറ്റ് ഹീറോസിന്റെ ക്യാപ്ടൻ. ടൂർണമെന്റിന്റെ ആദ്യ പാദം കേരളത്തിലായതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന്റെ പ്രഥമ പതിപ്പിന് ആരാധകർ ഏറെയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജെറോം പറഞ്ഞു.
ആരാധകർക്ക് ആവേശം പകരാനും കളിക്ക് വേഗം കൂട്ടാനും റൗണ്ട് റോബിൻ മത്സരങ്ങൾ 15 പോയിന്റ് വീതമുള്ള അഞ്ചു സെറ്റായിട്ടായിരിക്കും. ആദ്യം 15 പോയിന്റിലെത്തുന്നവർ വിജയിക്കും. പ്ലേ ഓഫുകളിൽ ഓരോ സെറ്റും 25 പോയിന്റ് വീതമായിരിക്കും. വിജയിക്കുന്ന ടീമിന് രണ്ട് പോയിന്റ് കിട്ടും. ഒരു ടീം 5-0ന് വിജയിച്ചാൽ അത് വൈറ്റ് വാഷ് ആകും. ആ ടീമിന് മൂന്നു പോയിന്റ് ലഭിക്കും.
സൂപ്പർ സെർവ്, സൂപ്പർ പോയിന്റ് എന്നീ വിഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ഏസ് സെർവ് ചെയ്യുന്നതിനും രണ്ടു പോയിന്റ് വീതം ടീമിന് ലഭിക്കും. ഇതിന് സൂപ്പർ സെർവ് എന്നു പറയും. ഓരോ സെറ്റിലും ടീമിന് സൂപ്പർ പോയിന്റ് വിളിക്കാം. സൂപ്പർ പോയിന്റ് വിളിച്ച ടീം അതു നേടിയാൽ രണ്ടു പോയിന്റ് ലഭിക്കും. തോറ്റാൽ എതിരാളികൾക്ക് രണ്ടു പോയിന്റ് ലഭിക്കും. ഒരു ടീം 11 പോയിന്റ് നേടുന്നതു വരെ മാത്രമാണ് സൂപ്പർ പോയിന്റ് വിളിക്കാൻ അനുവാദം.
പ്ലേ ഓഫീലെത്തുകയാണ് ആദ്യ ലക്ഷ്യമെന്ന് ചെന്നൈ സ്പാർട്ടൻസ് ക്യാപ്ടൻ ഷെൽട്ടൺ മോസസ് പറഞ്ഞു. പരിചയസമ്പന്നരും യുവത്വവും നിറഞ്ഞ ശക്തമായ ടീമാണ്. പ്ലേ ഓഫിലെത്തിയാൽ ചെന്നൈയിൽ നടക്കുന്ന രണ്ടാം പാദത്തിൽ നാട്ടുകാരുടെ പിന്തുണ ഗുണമാകുമെന്നും ഷെൽട്ടൺ പറഞ്ഞു.
ഹൈദരാബാദിന്റെ ബ്ലാക്ക് ഹോക്ക്‌സിനെ നയിക്കുന്ന കാഴ്‌സൺ ക്ലാർക്കാണ് ലീഗിലെ ഏക വിദേശ ക്യാപ്‌ടൻ. അഹമ്മദാബാദ് ഡിഫെണ്ടേഴ്‌സിന്റെ ക്യാപ്ടൻ രഞ്ജിത് സിംഗാണ് ലീഗിലെ ഏറ്റവും വിലയേറിയ താരം.
ആരാധകർക്ക് ടീമുകൾ ഏറെ ആവേശം പകരുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രോ വോളിബാൾ ലീഗ് സി.ഇ.ഒ ജോയ് ഭട്ടാചാര്യ പറഞ്ഞു.

ടിക്കറ്രുകൾ ബോക്സ് ഓഫീസിൽ നിന്ന്

ടിക്കറ്റുകൾ ബോക്‌സ് ഓഫീസുകളിൽ ലഭിക്കും. 299 രൂപയാണ് നിരക്ക്. സീസൺ പാസുകൾ വാങ്ങുന്നവർക്ക് 30 ശതമാനം ഇളവുണ്ട്. ആദ്യം വാങ്ങുന്നവർക്ക് 20 ശതമാനം ഉളവുണ്ട്. പേ ടിഎം, ഇൻസൈഡർ ഡോട്ട് ഇൻ എന്നിവയിലൂടെയും ടിക്കറ്റുകൾ ലഭിക്കും.

ടീമുകളും ഉടമസ്ഥരും
ആറു ടീമുകളാണ് പോരാടുന്നത്. ബൊഹോമീ സ്‌പോർട്ട്‌സ് ഇവന്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലാണ് അഹമ്മദാബാദ് ഡിഫണ്ടേഴ്‌സ്. ബീക്കൺ സ്‌പോർട്‌സാണ് കാലിക്കറ്റ് ഹീറോസിന്റെ ഉടമസ്ഥർ. ചെന്നൈ സ്പാർട്ടൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ചെന്നൈ സ്പാർട്ടൻസിന്റെ ഉടമകൾ. യു.എസ്‌ പോർട്‌സിന്റേതാണ് യു മുംബെയ്., എജൈൽ എന്റർടെയ്ൻമെന്റിന്റെയാണ് ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്‌സ്. കൊച്ചി ഫ്രാഞ്ചൈസിയായ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ഉടമ തോമസ് മുത്തൂറ്റാണ്.
ടിവി ലൈവ്

എല്ലാ മത്സരങ്ങളും സോണി സിക്‌സ്, സോണി ടെൻ 3 എന്നിവയിൽ തത്സമയം ഉണ്ടാകും. സോണി ലൈവിൽ തത്സമയ സ്ട്രീമിംഗുമുണ്ടാകും.