ആലുവ: പാതിവഴിയിലായ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ മൂന്നുകിലോമീറ്ററോളം വരുന്ന മനക്കക്കാട് - തടിയിട്ടപറമ്പ് എം.എൽ.എ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമായി. പുനർനിർമ്മാണത്തിന്റെ പേരിൽ മാസങ്ങളായി റോഡ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത് യാത്രക്കാരെയും പരിസരവാസികളെയും വലയ്ക്കുകയാണ്.
കുട്ടമശേരി ആനിക്കാട് കവലയിൽ നിന്നാരംഭിക്കുന്ന റോഡിന്റെ നിർമ്മാണം ആരംഭിച്ചിട്ട് മൂന്നുമാസം കഴിഞ്ഞു. പ്രവേശന കവാടം മുതൽ 150 മീറ്ററോളം വിവിധ സ്ഥാപനങ്ങളിലേക്ക് നിരന്തരം ഭാരവാഹനങ്ങൾ പ്രവേശിക്കുന്നതിനാൽ രൂക്ഷമായ പൊടിശല്യമാണ്. ഇവർ നിരന്തരം റോഡ് നനക്കുന്നതിനാൽ ടാറിംഗ് റോഡിലുണ്ടാകുന്ന തകരാർ ഒഴിവാക്കാൻ ഈ ഭാഗത്ത് ഇന്റർ ലോക്ക് കട്ട ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നിലവിൽ ഏഴര മീറ്റർ വീതിയിലാണ് റോഡിന്റെ നിർമ്മാണം. ഇരുവശത്തുമുള്ള ഭൂവുടമകൾ ആവശ്യമായ സ്ഥലം വിട്ടുനൽകിയിട്ടുണ്ട്.
എന്നാൽ റോഡിന്റെ പ്രധാന ഭാഗമായ പന്തലുമാവുങ്കൽ ജംഗ്ഷനിൽ എത്തുമ്പോൾ വീതി കുറഞ്ഞ് കുപ്പിക്കഴുത്ത് പോലെയാണ്. കൊടും വളവ് കൂടിയായ ഈ ഭാഗത്ത് റോഡിനാവശ്യമായ സ്ഥലം ലഭ്യമാകാത്തതാണ് അനിശ്ചിതത്വത്തിന് കാരണമെന്നും ആരോപണമുണ്ട്.
റോഡ് സഞ്ചാരയോഗ്യമാക്കണം
റോഡ് പണി ഉടൻ പൂർത്തിയാക്കി സഞ്ചാര യോഗ്യമാക്കണമെന്ന് അനശ്വര സാംസ്‌കാരിക വേദി രക്ഷാധികാരി സുലൈമാൻ അമ്പലപ്പറമ്പ് ആവശ്യപ്പെട്ടു.