chaitra-john_710x400xt

കൊച്ചി : സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഒാഫീസിൽ റെയ്ഡ് നടത്തിയതിന്റെ പേരിൽ ഡി.സി.പി ആയിരുന്ന ചൈത്ര തെരേസ ജോണിനെതിരെ അച്ചടക്ക നടപടി പാടില്ലെന്നാവശ്യപ്പെട്ട് പബ്ളിക് ഐ എന്ന സംഘടന ഹൈക്കോടതിയിൽ നൽകിയ പൊതുതാല്പര്യ ഹർജി പിൻവലിച്ചു.

വസ്തുതകളുടെ പിൻബലമില്ലാതെ മാദ്ധ്യമ വാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ സമർപ്പിച്ച ഹർജി തള്ളണോ അതോ പിൻവലിക്കുന്നോ എന്ന് ഹൈക്കോടതി ആരാഞ്ഞതിനെ തുടർന്നാണ് ഹർജി പിൻവലിച്ചത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ചൈത്രയ്‌ക്കെതിരെ അന്വേഷണം നടത്താൻ രണ്ടു മേലുദ്യോഗസ്ഥരെ നിയമിച്ചതായി വാർത്തയുണ്ടെന്നും റെയ്ഡ് നടത്തിയത് ശരിയായ നടപടിയല്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെ‌ട്ടതായും ഹർജിക്കാർ ആരോപിച്ചു.

റെയ്ഡ് നിയമപ്രകാരമാണോ എന്നു പരിശോധിക്കുന്നതിൽ എന്താണു തെറ്റെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. മുഖ്യമന്ത്രി ഒരു അഭിപ്രായം പറഞ്ഞതിന് എന്തിനാണ് ഹർജി ? ഇക്കാര്യത്തിൽ ചൈത്ര പരാതിയുമായി വന്നിട്ടില്ല. റെയ്ഡ് നിയമാനുസൃതമാണെന്ന് മേലുദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയതായി ഹർജിയിൽ പറയുന്നുണ്ട്. ഭരണത്തിലുള്ള പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഒാഫീസ് റെയ്ഡ് ചെയ്ത നടപടിക്ക് മേലുദ്യോഗസ്ഥർ ക്ളീൻ ചിറ്റ് നൽകിയെങ്കിൽ നിയമവാഴ്ച ഭദ്രമാണെന്നല്ലേ അർത്ഥമെന്നും ഹൈക്കോടതി ചോദിച്ചു.