naidu

കൊച്ചി: ഏതു ഭാഷ പഠിച്ചാലും മാതൃഭാഷയ്‌ക്ക് പ്രഥമ പരിഗണന നൽകണമെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡു പറഞ്ഞു. മലയാള അക്ഷരങ്ങളിൽ നിന്ന് പഠനം തുടങ്ങണം.പിന്നീട് എത്ര ഭാഷകൾ വേണമെങ്കിലും പഠിക്കാം. കണ്ണും കണ്ണാടിയും പോലെയാണ് മാതൃഭാഷയും ഇതര ഭാഷകളും. കാഴ്ചയില്ലെങ്കിൽ കണ്ണാടി വച്ചിട്ട് കാര്യമില്ല. മാതൃഭാഷ വശമില്ലാത്തവർക്കും ഇതേ അവസ്ഥയാണ്. ഭാഷയും ഭാവനയും സംസ്കാരവും ആർജിക്കുന്നത് മാതൃഭാഷയിലൂടെയാണ്. തേവര സേക്രട്ട് ഹാർട്ട് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും പ്രൊഫ.കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ കിൻഡിൽ (ഇ റീഡർ) വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉപരാഷ്‌ട്രപതി എന്ന നിലയിൽ നിരവധി രാജ്യങ്ങളിലെ അമ്പാസിഡർമാർക്കും ഭരണാധികാരികൾക്കും ആതിഥ്യം ഒരുക്കാറുണ്ട്. ഭൂരിഭാഗം രാജ്യങ്ങളുടെയും തലവൻമാർ പരിഭാഷകർക്ക് ഒപ്പമാണ് വരുന്നത്. പിഎച്ച്.ഡി ഉള്ളവർ പോലും അവരുടെ ഭാഷയിൽ തന്നെ സംസാരിക്കും. ഇംഗ്ളീഷ് അറിയാത്തതു കൊണ്ടല്ല,മാതൃഭാഷയോടുള്ള സ്നേഹം കൊണ്ടാണ് അവർ പരിഭാഷകന്റെ സഹായം തേടുന്നതെന്ന് തിരിച്ചറിഞ്ഞപ്പോൾ അമ്പരപ്പും ബഹുമാനവും തോന്നിയെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

രാജ്യസഭയിൽ രാജ്യത്തെ 22 ഭാഷകളും സംസാരിക്കാൻ ചെയർമാനെന്ന നിലയിൽ അനുമതി നൽകിയിട്ടുണ്ട്. കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുന്നതിൽ വീട്ടുകാരും സ്കൂൾ അധികൃതരും പ്രത്യേകം ശ്രദ്ധിക്കണം. വിഷാദരോഗം പോലെയുള്ള ജീവിതശൈലി രോഗങ്ങൾ ഒഴിവാക്കുന്നതിനായി വ്യായാമം പ്രോത്‌സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.