പിറവം: സംസ്ഥാന സർക്കാരിന്റെ ആയിരം കലാകാരന്മാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിക്ക് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. ഷഡ്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി പ്രസിഡൻറ് പ്രൊഫ. ജോർജ്ജ് എസ്. പോൾ പദ്ധതി ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി പ്രായഭേദമെന്യേ മോഹിനിയാട്ടം, കഥകളിപഥം, കച്ചേരി, പെയിൻറിംഗ്, ചെണ്ട തുടങ്ങി വിവിധ കലകളിൽ സൗജന്യ പരിശീലനം നൽകും. രാമമംഗലം, ഊരമന, പാമ്പാക്കുട, തിരുമാറാടി, പാലക്കുഴ, ഇലഞ്ഞി എന്നീ കേന്ദ്രങ്ങളിൽ ഫെല്ലോഷിപ്പ് ലഭിച്ച കലാകാരന്മാർക്ക് പരിശീലനം നൽകും. എല്ലാ കലാകാരന്മാർക്കും കലകളെ കൊണ്ട് ഉപജീവനം സാധ്യമല്ലാത്ത അവസ്ഥയിലാണ് സംസ്ഥാനസർക്കാർ തിരഞ്ഞെടുത്ത ആയിരം കലാകാരന്മാർക്ക് ഫെല്ലോഷിപ്പ് ഏർപ്പെടുത്തിയതെന്ന് പ്രൊഫ. ജോർജ്ജ് എസ്. പോൾ പറഞ്ഞു.
പദ്ധതി ആദ്യമായി നടപ്പിലാക്കിയത് പാമ്പാക്കുട ബ്ലോക്കാണ്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം രൂപയാണ്പദ്ധതിക്ക് നീക്കിവച്ചിരിക്കുന്നത്.
ചടങ്ങിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെസ്സി ജോണി, പാലക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ, തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ വിജയൻ, ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ജോയ്സ് മാമ്പിള്ളി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയ ബിജുമോൻ, ശ്യാമള ഗോപാലൻ, വി. സി കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബൈജു ടി. പോൾ എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി വിവിധ കലാകാരന്മാർ മോഹിനിയാട്ടം, കഥകളിപഥ കച്ചേരി, കേളി, പെയിൻറിംഗ് എന്നിവ അവതരിപ്പിച്ചു.