നെടുമ്പാശേരി: ഡൽഹി വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ ദിവസം എൻ.ഐ.എ പിടികൂടിയ കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ് പ്രതി കണ്ണൂർ സ്വദേശി പി.പി. യൂസഫിനെ കൊച്ചിയിലെത്തിച്ചു. എട്ടാം പ്രതിയാണ് യൂസഫ്.
മൂന്ന് എൻ.ഐ.എ ഉദ്യോഗസ്ഥരും യൂസഫിനൊപ്പം ഉണ്ടായിരുന്നു. ഇന്റർപോൾ നൽകിയ വിവരത്തെതുടർന്ന് സൗദി അറേബ്യ തിരിച്ചയച്ചതാണ് യൂസഫിനെ.
ഒന്നാം പ്രതി തടിയൻറവിടെ നസീർ, രണ്ടാംപ്രതി അസർ, നാലാം പ്രതിയായ സഫാസ് എന്നവരോടൊപ്പം ചേർന്ന് മൊഫ്യൂസൽ ബസ് സ്റ്റാൻഡിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചെന്നാണ് എൻ.ഐ.എ കണ്ടെത്തിയത്. സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ആഴ്ചകൾക്ക് മുമ്പ് ഡൽഹി വിമാനത്താവളത്തിൽ വച്ച് കേസിലെ രണ്ടാംപ്രതി അസറും പിടിയിലായിരുന്നു.
മാറാട് കലാപക്കേസിലെ പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് 2006 മാർച്ച് മൂന്നിന് പ്രതികൾ കോഴിക്കോട് നഗരമദ്ധ്യത്തിൽ സ്‌ഫോടനം നടത്തിയത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. 2009ൽ എൻ.ഐ.എ ഏറ്റെടുത്തു.
യൂസഫിനെ ഇന്നോ നാളെയോ കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കും.