കൊച്ചി: . ഗാലറിയിൽ ആവേശ തിരതീർത്ത ആരാധകരെയും നാട്ടുകാരെയും സാക്ഷിനിറുത്തി പ്രോ വോളിബാൾ ലീഗിലെ കന്നിമത്സരത്തിൽ ആതിഥേയരായ കൊച്ചി ബ്ളൂ സ്പൈക്കേഴ്സിന് അത്യുജ്വല വിജയം. അഞ്ചിൽ നാലു സെറ്റും നേടിയാണ്് കൊച്ചി ആദ്യ ജയം സ്വന്തമാക്കിയത്. അവസാന സെറ്റ് മാത്രമാണ് യു മുംബയ് ജയിച്ചത്. കൊച്ചിയുടെ നായകൻ ഉക്രപാണ്ഡ്യനാണ് കളിയിലെ താരം.
ആദ്യ സെറ്റ് 15-11 നാണ് ബ്ലൂ സ്പൈക്കേഴ്സ് സ്വന്തമാക്കിയത്. തുടക്കം മുതൽ യു മുംബയെ പിന്നിലാക്കാൻ മികച്ച കെട്ടുറപ്പോടെ കളിച്ച കൊച്ചിക്ക് കഴിഞ്ഞു. പരമാവധി പ്രതിരോധവും കനത്ത സ്മാഷുകളുമെന്ന തന്ത്രമാണ് വിജയത്തിന് വഴി തെളിച്ചത്.മുംബയുടെ സർവീസോടെയാണ് കളി തുടങ്ങിയത്. എന്നാൽ, ആദ്യ പോയിന്റ് നേടിയത് കൊച്ചിയാണ്. തുടർച്ചയായി നാലു പോയിന്റ് നേടി കൊച്ചി മുന്നേറി. കനത്ത സ്മാഷും പ്രതിരോധവും ഉയർത്തി മുംബയ് സമനില പിടിച്ചു. മനു ജോസഫിന്റെ സ്മാഷിലൂടെ കൊച്ചി ലീഡ് തിരിച്ചുപിടിച്ചു. മുംബയ് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ക്യാപ്ടൻ ഉക്രപാണ്ഡ്യന്റെ മികവിലൂടെ കൊച്ചി സ്കോർ ഉയർത്തി. 15-11 നാണ് കൊച്ചി ആദ്യ സെറ്റ് സ്വന്തമാക്കിയത്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ രണ്ടാം സെറ്റ് 15-13 നാണ് കൊച്ചി നേടിയത്. കനത്ത സ്മാഷുകളിലൂടെ ഒളിമ്പിക്സ് താരം ഡേവിഡ് ലീയുടെയും ഉക്രപാണ്ഡ്യന്റെയും മികവാണ് രണ്ടാം സെറ്റ് കൊച്ചിക്ക് അനുകൂലമാക്കിയത്. 13 പോയിന്റു വരെ നേടാൻ മുംബെയ്ക്ക് കഴിഞ്ഞെങ്കിലും രണ്ടു പോയിന്റ് തുടർച്ചയായി നേടി കൊച്ചി സെറ്റ് സ്വന്തമാക്കുകയായിരുന്നു.
മൂന്നാം സെറ്റിലും പൊരിഞ്ഞ പോരാട്ടമായിരുന്നു. ഡേവിഡ് ലീയുടെ അതിശക്തമായ സ്മാഷുകളായിരുന്നു മൂന്നാം സെറ്റിലെ ആകർഷണം. ഒരു പോയിന്റിന്റെ ലീഡുമായാണ് കൊച്ചി മുന്നേറിയത്. മുംബയുടെ ശുഭാംഗ ചൗധരിയുടെ മിന്നുന്ന പ്രകടനത്തിനും മൂന്നാം സെറ്റ് സാക്ഷിയായി. ഡേവിഡ് ലീയും ഉക്രപാണ്ഡ്യനും പ്രഭാകരനും മനു ജോസഫും രോഹിത് ആറും നടത്തിയ ചടുല നീക്കങ്ങളിലൂടെ കൊച്ചി പോയിന്റ് വർദ്ധിപ്പിച്ചു. ഏഴു പോയിന്റ് നേടിയ മുംബെയെ തളയ്ക്കുന്ന പ്രകടനത്തിലൂടെ കൊച്ചി മുന്നേറി. എട്ടു പോയിന്റിൽ മുംബയെ ഒതുക്കിയാണ് മൂന്നാം സെറ്റ് കൊച്ചി (15-8) പിടിച്ചെടുത്തത്. അഞ്ചു സെറ്റ് മത്സരത്തിൽ മൂന്നും കൊച്ചി ജയിച്ചതോടെ ആരാധകർ ഗാലറിയെ പ്രകമ്പനം കൊള്ളിച്ചു.
നാലാം സെറ്റിലും വിജയം ആവർത്തിക്കാൻ കൊച്ചിക്ക് അധികം ക്ലേശിക്കേണ്ടിവന്നില്ല. തുടക്കം മുതൽ മുന്നേറിയ കൊച്ചി 15-8 നാണ് വിജയിച്ചത്.
ആശ്വാസവിജയം മുംബയ്ക്ക് ലഭിച്ചത് അവസാന സെറ്റിലാണ്. ഒരു സെറ്റെങ്കിലും നേടുകയെന്ന തീവ്രമായ വാശി കളിയിൽ പ്രകടമായിരുന്നു. കൊച്ചിയുടെ സ്മാഷുകളെ തടയാൻ കൂട്ടായ ശ്രമമുണ്ടായി. വലകടന്ന് തങ്ങളുടെ കളത്തിൽ വരുന്ന പന്ത് കൈയടക്കത്തോടെ കൈകാര്യം ചെയ്തു് പോയിന്റ് വർദ്ധിപ്പിക്കുകയെന്ന തന്ത്രം വിജയം കണ്ടു. മുംബയുടെ ആക്രമണത്തിന് മുന്നിൽ കൊച്ചി പതറുകയും ചെയ്തു. കൊച്ചിക്ക് വെറും അഞ്ചു പോയിന്റ് മാത്രം വിട്ടുകൊടുത്താണ് മുംബെയ് 15 പോയിന്റ് സ്വന്തമാക്കി വിജയം ഉറപ്പിച്ചത്.