mvpa-78
അഗ്രോ സർവീസ് സെന്റർ പ്രവർത്തനമാരംഭിക്കുന്ന മൂവാറ്റുപുഴ ഇ.ഇ.സി.മാർക്കറ്റ്

മൂവാറ്റുപുഴ: പുതിയ അഗ്രോ സർവീസ് സെന്റർ മൂവാറ്റുപുഴക്ക് അനുവദിച്ചതായി എൽദോ എബ്രാഹാം എം.എൽ.എ അറിയിച്ചു. കൃഷി വകുപ്പ് അഗ്രോ സെന്റർ അനുവദിച്ചതോടെ മൂവാറ്റുപുഴയിലേയും സമീപ പഞ്ചായത്തുകളിലേയും കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവേകും. മൂവാറ്റുപുഴ ഇ.ഇ.സി.മാർക്കറ്റിലാണ് ഇത് പ്രവർത്തനമാരംഭിക്കുന്നത്. മൂവാറ്റുപുഴ നഗരസഭ, പായിപ്ര, വാളകം, മാറാടി, ആയവന പഞ്ചായത്തുകൾ പ്രവർത്തനമേഖലയാണ്.

നിലവിൽ മൂവാറ്റുപുഴ ബ്ലോക്കിന് കീഴിലുള്ള അഗ്രോ സർവീസ് സെന്റർ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിന് പുറമെയാണ് മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ അഗ്രോസർവീസ് സെന്റർ അനുവദിച്ചിരിക്കുന്നത്. കാർഷിക മേഖലയിൽ കൂടുതൽ ഇടപെടുന്നതിനും കൃഷിയെ പരിപോഷിപ്പിക്കുന്നതിനും അഗ്രോ സർവീസ് സെന്ററുകൾക്ക് നിർണായക സ്വാധീനം ചെലുത്താനാകും. തൊഴിലാളികളുടെയും കാർഷിക ഉപകരണങ്ങളുടെയും ലഭ്യതകുറവ് മൂലം പലകർഷകരും കാർഷിക മേഖലയിൽ നിന്ന് പിന്നാക്കം പോകുകയാണ്. ഇതേത്തുടർന്ന് നിയോജക മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും കൃഷിയിറക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ തരിശായി കിടക്കുകയാണ്. അഗ്രോ സർവീസ് സെന്റർ പ്രവർത്തനമാരംഭിക്കുന്നതോടെ ഇവിടങ്ങളിലെല്ലാം കൃത്യമായ ഇടപെടൽ നടത്താൻ കഴിയും.

 സെന്റർ വന്നാലുള്ള ഗുണങ്ങൾ

കാർഷിക മേഖലയ്ക്കാവശ്യമായ യന്ത്രങ്ങളും മനുഷ്യ വിഭവശേഷിയും ഒരുക്കുക എന്നതാണ് അഗ്രോ സർവീസ് സെന്ററിന്റെ മുഖ്യലക്ഷ്യം. ട്രാക്ടർ, ടില്ലർ, കാടുവെട്ടുന്ന യന്ത്രം, തെങ്ങ് കയറ്റത്തിന് ഉപയോഗിക്കുന്ന യന്ത്രമടക്കമുള്ളവ അഗ്രോ സർവീസ് സെന്ററിൽ നിന്നും കർഷകർക്ക് ലഭ്യമാകും. ഇതിന് പുറമെ കൃഷി ജോലി ചെയ്യുന്നതിനായി പ്രത്യേക പരിശീലനം നൽകിയ ടെക്‌നിഷ്യൻമാരെയും നിയമിക്കും. കർഷകരുടെ കൃഷി സ്ഥലം കണ്ടെത്തി നിലമൊരുക്കൽ, ആവശ്യമായ നടീൽ വസ്തുക്കൾ,ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ എന്നിവ കർഷകർക്ക് സെന്റർ വഴി ലഭ്യമാക്കും. പൂർണമായും യന്ത്രവത്കരണത്തിലൂടെ ലാഭകരമായ കൃഷി സാദ്ധ്യമാക്കുന്നതിനും തെങ്ങുകയറ്റം അടക്കമുള്ള ജോലികൾ ഏറ്റെടുക്കുക വഴി തെങ്ങ് കൃഷിയോട് കർഷകർക്ക് ആഭിമുഖ്യമുണ്ടാക്കുക, തരിശ് ഭൂമികളിൽ പാട്ടത്തിന് കൃഷി ഇറക്കുക, ഹൈടെക് കൃഷി രീതികൾ, മഴമറകൾ, ട്രിപ്പ് തുടങ്ങിയവ നടപ്പിലാക്കുകയും ലക്ഷ്യമാണ്. പദ്ധതികൾ സമയബന്ധിതമായി കർഷകരിൽ എത്തിക്കുന്നതിനും അഗ്രോ സർവീസ് സെന്ററുകൾക്ക് കഴിയും.