vattachal
തുമ്പിച്ചാൽ - വട്ടച്ചാൽ ജലസംഭരണി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചാലയ്ക്കൽ ഡോ.അംബേദ്കർ സ്മാരക ലൈബ്രറി സംഘടിപ്പിച്ച ജനകീയ മനുഷ്യച്ചങ്ങല

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ പ്രധാന കുടിവെള്ള സ്രോതസായ തുമ്പിച്ചാൽ - വട്ടച്ചാൽ സംരക്ഷണത്തിനായി ജനകീയ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. ലോകതണ്ണീർത്തട സംരക്ഷണ ദിനാചാരണത്തിന്റെ ഭാഗമായി കുട്ടമശേരി ചാലക്കൽ ഡോ. അംബേദ്കർ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ നൂറുകണക്കിന് പേർ കണ്ണികളായി.

നാലാംമൈലിലുള്ള വ്യവസായ മേഖലയിൽ നിന്നൊഴുക്കുന്ന മലിനജലം തുമ്പിച്ചാലിനെ ഇല്ലാതാക്കുകയാണെന്നും തുടർ സമരങ്ങളുമായി രംഗത്തിറങ്ങുമെന്നും കൂട്ടായ്മ പ്രഖാപിച്ചു.

2003 മുതൽ ജനങ്ങൾ ആവശ്യപ്പെടുന്നതാണ് തുമ്പിച്ചാൽ - വട്ടച്ചാൽ സംരക്ഷണം. കീഴ്മാട് പഞ്ചായത്തിലെ നെല്ലറകളിലൊന്നായിരുന്ന തുമ്പിച്ചാൽ വട്ടച്ചാൽ പാടശേഖരങ്ങൾ കൃഷി ചെയ്യാതെ നശിക്കുകയാണ്. പഞ്ചായത്ത് മുതൽ മന്ത്രിതലം വരെ നിവേദനങ്ങൾ പലതവണ നൽകിയതാണ്. ഓംബുഡ്മാൻ വിധിയുള്ളതാണെങ്കിലും വ്യവസായ മേഖലയിൽ നിന്നും ഒഴുക്കുന്ന മലിനജലം തടയാൻ പഞ്ചായത്തോ സർക്കാരോ തയ്യാറാകുന്നില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

ലൈബ്രറി സെക്രട്ടറി പി.ഇ. സുധാകരൻ തണ്ണീർതട സംരക്ഷണദിന സന്ദേശം നൽകി. പ്രസിഡന്റ് എൻ.ഐ. രവീന്ദ്രൻ, കെ.എം. അബ്ദുൾ സമദ്, എം.കെ. പുഷ്പാകരൻ, പരീത് കുമ്പശേരി, കെ.പി. രാജു, പി.ഐ. സമീരണൻ, എം.എൻ. ബിന്ദു, ഷീല തങ്കപ്പൻ, കെ. രഘുനാഥൻ, എം.കെ. രാഘവൻ, വി. ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.