ksrtc

കൊച്ചി : കെ.എസ്.ആർ.ടി.സിയിലെ കണ്ടക്ടർ നിയമനത്തിന് പി.എസ്.സിയുടെ ശുപാർശ ലഭിച്ചവർക്കാണ് മുൻഗണനയെന്നും എംപാനലുകാരെ ഇൗ ഒഴിവുകളിൽ സ്ഥിരപ്പെടുത്താൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എംപാനലുകാരുടെ വാദങ്ങൾ പാടെ തള്ളിയാണ് ഹൈക്കോടതി വിധി പറഞ്ഞത്. കണ്ടക്ടർമാരുടെ ഒഴിവിലേക്ക് പി.എസ്.സി ശുപാർശ ചെയ്തവരെ നിയമിക്കണമെന്ന ഹർജി സിംഗിൾ ബെഞ്ച് തള്ളിയതിനെതിരെ പാലക്കാട് സ്വദേശി ആന്റണി സ്റ്റെജോ ഉൾപ്പെടെ നൽകിയ അപ്പീൽ അനുവദിച്ചാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

എംപാനൽ ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സി അധികൃതർ വ്യാജ പ്രതീക്ഷ നൽകി താത്കാലികമായി നിയമിക്കുകയായിരുന്നു. ഇത് പി.എസ്.സി ലിസ്റ്റിൽ നിന്ന് ശുപാർശ ചെയ്യപ്പെട്ടവരുടെ അവകാശങ്ങളെ ദോഷകരമായി ബാധിച്ചു. എംപാനലുകാരെ പിരിച്ചു വിട്ട് പി.എസ്.സി ശുപാർശ ചെയ്തവരെ നിയമിക്കാൻ ഇടക്കാല ഉത്തരവു നൽകിയില്ലായിരുന്നെങ്കിൽ പി.എസ്.സിക്കാരെ അവഗണിച്ചേനെ.

പി.എസ്.സി ശുപാർശ ചെയ്തവരുണ്ടെങ്കിൽ ഇവർക്ക് നിയമനം നൽകാൻ താത്കാലിക, എംപാനൽ ജീവനക്കാരെ ഒഴിവാക്കണമെന്ന് പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ കേസിൽ ഹൈക്കോടതി നേരത്തേ വിധി പറഞ്ഞിട്ടുണ്ട്. ഇതിൽ നിന്ന് വ്യതിചലിക്കാൻ കെ.എസ്.ആർ.ടി.സിക്ക് കഴിയില്ല. ഒഴിവുകൾ സമയബന്ധിതമായി നികത്തിയ ശേഷം വീണ്ടുമുള്ള ഒഴിവുകളിൽ പി.എസ്.സി മുഖേനയോ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ നിയമനം നടത്തണം. നിശ്ചിത കാലത്തേക്ക് നിയമനം നടത്തുമ്പോൾ സർവീസ് ചട്ട വ്യവസ്ഥകൾ പാലിക്കണം. ഇത്തരം നിയമനങ്ങൾ പി.എസ്.സി വഴിയുള്ള നിയമനം പൂർത്തിയാകും വരെ മാത്രമാണെന്നും ഹൈക്കോടതി പറഞ്ഞു.

എംപാനലുകാർക്ക്

ലേബർ കോടതിയെ

സമീപിക്കാം

മിനിമം വേതനം പോലും നൽകിയിരുന്നില്ലെന്നും നിർബന്ധിച്ചു ജോലിയെടുപ്പിച്ചെന്നും എംപാനലുകാർ വാദിച്ചിരുന്നു. ഇത്തരത്തിൽ തുച്ഛമായ വേതനത്തിനു പണിയെടുക്കാൻ ആരും എംപാനലുകാരെ നിർബന്ധിച്ചിട്ടില്ല. പിരിച്ചു വിട്ടത് വ്യവസായ തർക്ക നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ചല്ലെന്ന് എംപാനലുകാർക്ക് വാദമുണ്ട്. ഇക്കാര്യത്തിനായി ലേബർ കോടതികളടക്കമുള്ള ഉചിതമായ ഫോറത്തെ സമീപിക്കാം. എംപാനലുകാരെ സ്ഥിരമാക്കാൻ സർക്കാരിനെ സമീപിക്കുമെന്ന് കെ.എസ്.ആർ.ടി.സിയും യൂണിയൻകാരുമായുണ്ടാക്കിയ കരാറിൽ പറയുന്നുണ്ട്. അർഹരായവർക്ക് പൊതു നിയമനം നൽകണമെന്ന ചട്ടത്തിന് വിരുദ്ധമായതിനാൽ ഇതു നടപ്പാക്കാനാവില്ല. എംപാനലുകാരുടെ നിയമനം 180 ദിവസത്തേക്കാണ്. കാലാവധി കഴിഞ്ഞവരെ വീണ്ടും നിയമിക്കാനാവില്ലെന്നും ചട്ടമുണ്ട്