high-court-

കൊച്ചി: ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ശബരിമല അയ്യപ്പനെ അപമാനിക്കുന്ന തരത്തിൽ ഫേസ് ബുക്കിൽ പോസ്റ്റിട്ടതിനെതിരെ കേസെടുക്കണമെന്നും പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമെന്നുമാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി കെ.എ. അഭിജിത്ത് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. പ്രിയനന്ദനൻ ഫേസ് ബുക്കിൽ പോസ്റ്റുചെയ്ത വരികൾ അയ്യപ്പനെ അപമാനിക്കുന്നതാണെന്നും ഇത് അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും അഭിജിത്തിന്റെ പരാതിയിൽ പറഞ്ഞിരുന്നു. ജനുവരി 12 ന് പൂച്ചാക്കൽ പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തില്ല. തുടർന്ന് ജനുവരി 15 ന് ആലപ്പുഴ എസ്.പിക്കും പരാതി നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല. വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ചു പരാതികൾ ഇതേ വിഷയത്തിൽ പ്രിയനന്ദനനെതിരെ നിലവിലുണ്ടെന്നും കേസെടുക്കാൻ ഹൈക്കോടതി നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നു.