കൊച്ചി : നിലം നികത്തി റിസോർട്ടിലേക്ക് റോഡുണ്ടാക്കിയെന്ന വിജിലൻസ് കേസ് റദ്ദാക്കാൻ നൽകിയ ഹർജി പിൻവലിക്കാൻ അനുമതി തേടി മുൻമന്ത്രി തോമസ് ചാണ്ടിയടക്കമുള്ളവർ ഹൈക്കോടതിയിൽ അപേക്ഷ നൽകി. തോമസ് ചാണ്ടിക്കു പുറമേ മക്കളായ ഡോ. ടോബി ചാണ്ടി, ബെറ്റി ചാണ്ടി, മാതാവ് മേരി ചാണ്ടി, തോമസ് മാത്യു എന്നിവരാണ് അപേക്ഷകർ.
വലിയകുളം മുതൽ സീറോ ജെട്ടി വരെ കായൽ നിലംനികത്തി റോഡുണ്ടാക്കിയെന്നാരോപിച്ച് സുഭാഷ് തീക്കാടൻ നൽകിയ പരാതിയിലാണ് വിജിലൻസ് കേസ്. ആലപ്പുഴ മുൻ ജില്ലാ കളക്ടർ ഉൾപ്പെടെ പ്രതികളായ കേസ് റദ്ദാക്കാൻ നേരത്തേ തോമസ് ചാണ്ടിയും ബന്ധുക്കളും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഇതു പിൻവലിക്കാൻ ഹർജിക്കാർ കഴിഞ്ഞദിവസം കോടതിയുടെ അനുവാദം തേടി. ഇതനുവദിച്ചതോടെയാണ് അപേക്ഷ നൽകിയത്.