കൊച്ചി: അച്ചടക്ക നടപടിയെത്തുടർന്ന് സി.ഐമാരായി തരംതാഴ‌്‌ത്തപ്പെട്ടവരിൽ നാലു പേരുടെ ഡിവൈ.എസ്.പി റാങ്ക് 10 ദിവസത്തേക്ക് നിലനിറുത്താൻ കെ.എ.ടി (കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ) നിർദ്ദേശിച്ചു.
ഏഴ് മുൻ ഡിവൈ.എസ്.പിമാർ നൽകിയ ഹർജിയിലാണ് ഇടക്കാല നിർദ്ദേശം. 12 പേരെയാണ് കഴിഞ്ഞ ദിവസം സി.ഐമാരായി തരംതാഴ്‌ത്തിയത്. എറണാകുളം റൂറൽ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി കെ.എസ്. ഉദയഭാനു, എറണാകുളം റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.ജി. രവീന്ദ്രനാഥ്, വയനാട് നർകോട്ടിക് സെൽ ഡിവൈ.എസ്.പി. എം.കെ. മനോജ് കബീർ, കോഴിക്കോട് നാദാപുരം സബ് ഡിവിഷനിലെ ഡിവൈ.എസ്.പി ഇ. സുനിൽ കുമാർ എന്നിവരുടെ റാങ്ക് നിലനിറുത്താനാണ് കെ.എ.ടി ഉത്തരവിട്ടത്.
ഇവർക്കൊപ്പം ഹർജി നൽകിയ മട്ടാഞ്ചേരി മുൻ ഡിവൈ.എസ്.പി എസ്. വിജയൻ, മലപ്പുറം സ്പെഷ്യൽ ബ്രാഞ്ച് മുൻ ഡിവൈ.എസ്.പി എം. ഉല്ലാസ് കുമാർ, പാലക്കാട് സ്പെഷ്യൽ ബ്രാഞ്ചിലെ മുൻ ഡിവൈ.എസ്.പി എ. വിപിൻദാസ് എന്നിവർ ഇൗ ആവശ്യം ഉന്നയിച്ചെങ്കിലും കെ.എ.ടി അനുവദിച്ചില്ല. ഇവർക്കെതിരെ ഗുരുതര ആരോപണങ്ങളുള്ളതിനാലാണിത്.
സർക്കാരിനോട് വിശദീകരണം തേടിയ ട്രൈബ്യൂണൽ ഹർജികൾ 12 നു പരിഗണിക്കാൻ മാറ്റി.