കൊച്ചി : രണ്ടാംവട്ടം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആൾക്ക് മെഡിക്ളെയിം നൽകാൻ സ്ഥിരം ലോക് അദാലത്ത് ഉത്തരവിട്ടു. തൃശൂർ സ്വദേശി സജീഷ് ജോർജ് നൽകിയ ഹർജിയിലാണ് എസ്. ജഗദീശ് ചെയർമാനും സി. രാധാകൃഷ്‌ണൻ, പി.ജി. ഗോപി എന്നിവർ അംഗങ്ങളുമായുള്ള സ്ഥിരം ലോക് അദാലത്ത് വിധി.
പത്ത് വർഷം മുമ്പ് ഹർജിക്കാരന് വൃക്ക മാറ്റിവച്ചപ്പോൾ ബജാജ് അലയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനി ആനുകൂല്യം നൽകിയിരുന്നു. ഇതേ പോളിസിയുടെ അടിസ്ഥാനത്തിൽ ഹർജിക്കാരൻ പത്തു ലക്ഷം രൂപയുടെ അധിക പരിരക്ഷാ പോളിസിയും എടുത്തിരുന്നു. രണ്ടാമത് വൃക്ക മാറ്റിവച്ചപ്പോൾ ക്ളെയിം നൽകാൻ കമ്പനി തയ്യാറായില്ല.
ആദ്യത്തെ ശസ്ത്രക്രിയ മറച്ചു വച്ച് അധിക പരിരക്ഷാ പോളിസി എടുത്തെന്നായിരുന്നു കമ്പനി പറഞ്ഞ ന്യായം. ആദ്യ ശസ്ത്രക്രിയയ്ക്ക് ആനുകൂല്യങ്ങൾ നൽകിയ ശേഷം ഇതു മറച്ചു വച്ചുവെന്ന് വാദിക്കുന്നത് നിലനിൽക്കില്ലെന്ന് ലോക് അദാലത്ത് വിലയിരുത്തി.
മെഡി ക്ളെയിം അപേക്ഷ പുനഃപരിശോധിച്ച് നിയമാനുസൃത ആനുകൂല്യം ഒമ്പത് ശതമാനം പലിശ സഹിതം നൽകാനാണ് വിധി. കൂടാതെ 10,000 രൂപ കോടതിച്ചെലവും നൽകണം.