കൊച്ചി: വീറും വാശിയും വീര്യവും തുടിച്ചുനിന്ന തുല്യശക്തികളുടെ പോരാട്ടത്തിൽ കലിക്കറ്റ് ഹീറോസിന് മിന്നൽജയം. അഞ്ചാം സെറ്റിലെ മികച്ച പോരാട്ടത്തിലൂടെയാണ് യു മുംബയെ തുരത്തിയത്. സ്കോർ: 15-10, 12-15, 15-13, 14-15, 15-9. മുംബെയുടെ സാക്ക്ലൈൻ താരിഖാണ് മികച്ച താരം.
നിക്കോളാസ് ഡെൽ ബിയാങ്കോയുടെ സ്മാഷിലൂടെയാണ് കലിക്കറ്റ് തുടക്കമിട്ടത്. രണ്ടാം സെറ്റിൽ കലിക്കറ്റിന് ആദ്യ ലീഡ് 2-1 ന് നൽകിയത് കൊടുങ്ങല്ലൂർ സ്വദേശി കാർത്തിക്കാണ്. സമനില പിടിച്ചതും കാർത്തിക് നൽകിയ പോയിന്റിലാണ്. പോൾ ലോട്ടോമാന്റെ പ്ളേസിംഗിലൂടെ മൂന്നാം സെറ്റിൽ കലിക്കറ്റ് ആദ്യ പോയിന്റ് നേടിയത്. 4-4, 5-5, 6-6 എന്നിങ്ങനെ തുല്യത പിടിച്ചു. ആറു കഴിഞ്ഞതോടെ മുംബെ മുന്നേറി. സൂപ്പർ പോയിന്റിലൂടെ കലിക്കറ്റ് മുംബയെ ഒരു പോയിന്റിന് പിന്നിലാക്കിയെങ്കിലും കാർത്തിക്കിന്റെ സ്മാഷ് പ്രതിരോധിച്ച് മുംബ വീണ്ടും ലീഡ് നേടി. അജിത് ലാലിന്റെ കിടിലൻ സ്മാഷിലൂടെ കലിക്കറ്റ് വിജയം സ്വന്തമാക്കി.
തുല്യശക്തികളുടെ പോരാട്ടമായിരുന്നു നാലാം സെറ്റിൽ കണ്ടത്. വിജയം നിർണയിച്ച അഞ്ചാം സെറ്റിൽ തീപാറുന്ന പ്രകടനമായിരുന്നു. വിട്ടുകൊടുക്കില്ലെന്ന വാശിയോടെ അതീവജാഗ്രത ഇരു ടീമുകളും പാലിച്ചതോടെ രണ്ടും മൂന്നും മിനിറ്റു വരെ പന്ത് നിലം തൊട്ടില്ല. സ്മാഷുകളും പ്ളേസിംഗുകളും പിടിച്ചെടുക്കാൻ ടീമുകൾ ശ്രദ്ധിച്ചു. ജെറോം വിനീതിന്റെ രണ്ടു സ്മാഷുകളിലൂടെ കലിക്കറ്റ് ഒൻപത് പോയിന്റിലെത്തി. കാർത്തിക്കിന്റെ സൂപ്പർ സർവീസിലൂടെ 11 പോയിന്റിലെത്തി. ജെറോം വിനീതും അജിത് ലാലും സ്മാഷിലൂടെ കോഴിക്കോടിനെ 14 ലെത്തിച്ചു. പങ്കജ് ശർമ്മയിലൂടെ അടുത്ത പോയിന്റും സ്വന്തമാക്കി കലിക്കറ്റ്് വിജയം സ്വന്തമാക്കുകയായിരുന്നു.