കൊച്ചി: മസ്‌തിഷ്‌കമരണം സ്ഥിരീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ വ്യക്തമാക്കി 2017 ഫെബ്രുവരി ഒന്നിന് ഇറക്കിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കാനുള്ള നടപടികൾ സങ്കീർണമാക്കിയതിനെതിരെ ആലപ്പുഴ തലവടി സൗത്ത് സ്വദേശിയായ രണ്ടു വയസുകാരിക്കായി പിതാവ് അനിൽകുമാറാണ് ഹർജി നൽകിയത്. ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ ഒാഫീസ് തയ്യാറാക്കിയ റിപ്പോർട്ടു കൂടി പരിഗണിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സർക്കാരിനായി ഹാജരായ സ്റ്റേറ്റ് അറ്റോർണി അറിയിച്ചു. തുടർന്ന് ഹൈക്കോടതി സർക്കാരിന്റെ രേഖാമൂലമുള്ള വിശദീകരണം തേടി ഹർജി നാലാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.
ഹർജിക്കാരന്റെ മകൾ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 2017 മുതൽ ദാതാവിനെ കാത്തിരിക്കുകയാണ്.