കൊച്ചി: നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം ലംഘിച്ച് ലേക് പാലസ് റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചെന്ന വിജിലൻസ് കേസ് റദ്ദാക്കണമെന്ന ഹർജി പിൻവലിച്ചതിന് മുൻമന്ത്രി തോമസ് ചാണ്ടിയടക്കം ഏഴുപേർക്ക് ഹൈക്കോടതി 25,000 രൂപ വീതം പിഴ ചുമത്തി. തോമസ് ചാണ്ടിയെക്കൂടാതെ മക്കളായ ഡോ. ടോബി ചാണ്ടി, ബെറ്റി ചാണ്ടി, മാതാവ് മേരി ചാണ്ടി, ജോൺ മാത്യു, ആലപ്പുഴയിലെ ഹാർബർ എൻജിനിയറിംഗ് ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർ ജോസ് മാത്യു, വാട്ടർ വേൾഡ് ടൂറിസം കമ്പനി ഡയറക്ടർ ബിജി കെ. ജോൺ എന്നിവരാണ് പിഴയൊടുക്കേണ്ടത്. ഹർജിക്കാർ കോടതിയുടെ വിലയേറിയ സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി പിൻവലിക്കാൻ അനുവദിച്ച സിംഗിൾബെഞ്ച് പിഴ ചുമത്തിയത്. പത്തു ദിവസത്തിനകം തുക ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയിൽ കെട്ടിവയ്ക്കണം. അല്ലെങ്കിൽ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കണം. അതേസമയം വിജിലൻസ് അന്വേഷണം പൂർത്തിയാക്കി നൽകുന്ന അന്തിമറിപ്പോർട്ടിനെ ചോദ്യം ചെയ്യാൻ ഇൗ വിധി തടസമാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.