കോലഞ്ചേരി: മെഡിക്കൽ കോളേജിനു മുൻപിൽ പെരുമ്പാവൂർ റോഡിനോടു ചേർന്നുള്ള ഒലിമ്പിൽ ചിറയിലേക്കു കനാൽവെള്ളം എത്തുന്ന പൈപ്പിന്റെ വ്യാസം കുറച്ചതു കർഷകർക്കു ദുരിതമായി. ചിറയിൽ വെള്ളം നിറയാത്തതിനാൽ പ്രദേശത്ത് രൂക്ഷമായ ജലക്ഷാമമാണ്.
അടുത്തിടെയാണ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് ചിറ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയത്. രണ്ട് അടി വ്യാസമുള്ള പൈപ്പ് പുനരുദ്ധാരണത്തിന്റെ പേരിൽ മാറ്റി അര അടി വ്യാസമുള്ള പൈപ്പ് ഇട്ടതോടെ ചിറയിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവ് നാലിലൊന്നായി ചുരുങ്ങി. ചിറ ഇല്ലാതാക്കാനുള്ള ഗൂഢശ്രമമാണിതിനു പിന്നിലെന്നു നാട്ടുകാർ ആരോപിച്ചു. ചിറയിലേക്കു കനാൽവെള്ളമെത്തുന്ന പൈപ്പ് ഭാഗികമായി അടഞ്ഞ നിലയിലാണ്. പൈപ്പ് അടഞ്ഞതോടെ കനാൽ വെള്ളം കാനയിലൂടെ ഒഴുകുകയാണ്. പ്രദേശത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടുമ്പോഴാണ് വെള്ളം കാനയിലൂടെ പാഴാകുന്നത്.