atm-theaft-

കൊച്ചി: ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇടപാടുകാരൻ അറിയാതെ പണം നഷ്‌ടമായാൽ ഉത്തരവാദിത്വം ആർക്ക്? അതു ബാങ്കിനാണെന്നു മാത്രമല്ല, അക്കൗണ്ടിൽ നിന്നു നഷ്‌ടമായ പണം തിരികെ നൽകാനും ബാധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ബ്രസീലിൽ ജോലി ചെയ്യുന്ന കോട്ടയം മീനച്ചിൽ ലാലം സ്വദേശി പി.ടി.ജോർജിനു നഷ്ടമായ 2.41 ലക്ഷം രൂപ തിരികെ നൽകണമമെന്ന പാലാ സബ് കോടതി വിധിക്കെതിരെ, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ പാലാ ശാഖ നൽകിയ അപ്പീലിലാണ് സിംഗിൾ ബെഞ്ച് വിധി. 2012 മാർച്ചിൽ അവധിക്കു വന്ന സമയത്ത് ജോർജിന്റെ എസ്.ബി.ഐ അക്കൗണ്ടിൽ നിന്ന് ബ്രസീലിലെ എ.ടി.എമ്മുകൾ വഴി 2.41 ലക്ഷം രൂപ തട്ടിപ്പുകാർ പിൻവലിച്ചു. 14 തവണകളായിട്ടായിരുന്നു തട്ടിപ്പ്. പണം പിൻവലിക്കുമ്പോൾ എസ്.എം.എസ് വഴി അക്കൗണ്ട് ഉടമയെ അറിയിച്ചിരുന്നതുകൊണ്ട് ബാങ്കിന് ഉത്തരവാദിത്വമില്ലെന്ന വാദം കോടതി തള്ളി.എസ്.എം.എസ് അയച്ചതുകൊണ്ടോ ഇടപാടുകാരൻ പ്രതികരിച്ചില്ല എന്നതുകൊണ്ടോ ബാങ്കിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് വിധിയിൽ പറയുന്നു.

ദിവസങ്ങളോളം മൊബൈൽ ലഭിക്കാത്ത സ്ഥിതി വരാമെന്നും ഒരാൾക്ക് എസ്.എം.എസുകൾ ശ്രദ്ധിക്കുന്ന സ്വഭാവമില്ലെങ്കിൽ ഇത്തരം അറിയിപ്പുകൾ കണക്കിലെടുക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് യുഗത്തിൽ ഡിജിറ്റൽ ബാങ്കിംഗ് സൗകര്യം ഒരുക്കുമ്പോൾ സുരക്ഷിത സംവിധാനം ഒരുക്കേണ്ടത് ബാങ്ക് ആണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ബ്രസീലിലെ നിയമപ്രകാരം നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്ന് ബാങ്ക് വാദിച്ചെങ്കിലും, പ്രത്യേക ഉപാധികളോടെയുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ബാങ്കും അക്കൗണ്ട് ഉടമയും തമ്മിലുള്ള ബന്ധമെന്ന് കോടതി നിരീക്ഷിച്ചു. നിക്ഷേപത്തിന് ബാങ്ക് നൽകുന്ന സുരക്ഷയും കരാറിന്റെ ഭാഗമാണ്. നിക്ഷേപത്തുകയുട‌െ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കണമെന്ന് 2017 ജൂലായ് ആറിലെ സർക്കുലറിൽ റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.