കൊച്ചി: സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ എറണാകുളം മേനക ജംഗ്‌ഷനിലെ അഡ്‌മിനിസ്ട്രേഷൻ ഓഫീസ് കെട്ടിടത്തിന്റെ പത്താംനിലയിൽ നിന്നും ചാടി ക്ലർക്കും വിമുക്തഭടനുമായ കോലഞ്ചേരി പുത്തൻകുരിശ് ഐനാമുകൾ ഞാട്ടിയിൽ എൻ.എസ്. ജയൻ (51) ജീവനൊടുക്കി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. കാരണം വ്യക്തമല്ല.
നാഷണൽ കോൺഫെഡറേഷൻ ഒഫ് ബാങ്ക് എംപ്ലോയിസ് എറണാകുളം ജില്ലാ സെക്രട്ടറിയും സ്‌റ്റേറ്റ് ബാങ്ക് യൂണിയൻ ജില്ലാ അസി. ജനറൽ സെക്രട്ടറിയുമാണ്. നാലു മണിയോടെ ജയൻ മൊബൈലിൽ സംസാരിച്ച് കെട്ടിടത്തിന് മുകളിലേക്ക് കയറുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ നിന്ന് ലഭിച്ചു. ഇതിനുശേഷം ഷൂസ് കെട്ടിടത്തിന് മുകളിൽ ഊരിവച്ചു. സമീപത്തായി മൊബൈൽ ഫോണുമുണ്ടായിരുന്നു.ചാട്ടത്തിൽ കെട്ടിടത്തിന്റെ മുറ്റത്തെ മതിലിലേക്ക് ഇടിച്ച് ജയന്റെ തല ഛിന്നഭിന്നമായി തത്ക്ഷണം മരിച്ചു. ഈ സമയം റോഡിൽ നല്ല തിരക്കുമുണ്ടായിരുന്നു. സംഭവം നേരിൽക്കണ്ട പലരും ഓടിമാറി. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ബാങ്കിലെ ജോലിയുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. മൊബൈൽ ഫോണിലെ വിളികളെക്കുറിച്ച് വിശദമായി അന്വേഷിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് സെൻട്രൽ പൊലീസ് എസ്.ഐ. ജോസഫ് സാജൻ പറഞ്ഞു. ഭാര്യ: വിജി. മകൻ: അനന്ത് (സി.എ. വിദ്യാർത്ഥി).