പെരുമ്പാവൂർ: കേരള ചുമട്ടു തൊഴിലാളി ക്ഷേമബോർഡിലെ തൊഴിലാളികൾക്ക് വിവിധ ആനുകൂല്യങ്ങളും തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് വിതരണവും ബോർഡ് ചെയർമാൻ കാട്ടാക്കട ശശി ഉദ്ഘാടനം ചെയ്തു. ക്ഷേമബോർഡ് ചീഫ് എക്സിക്യുട്ടീവ് എസ്. ഷൈജ അദ്ധ്യക്ഷത വഹിച്ചു. വിവിധ ഓഫീസുകളിലെ രജിസ്റ്റേഡ് തൊഴിലാളികളുടെ മക്കളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ സർക്കാർ കോളേജുകളിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും പെരുമ്പാവൂർ സബ് കമ്മിറ്റിയുടെ കീഴിൽ ജോലിക്കിടെ മരണമടഞ്ഞ 18-ാം പൂളിലെ തൊഴിലാളിയായ കെ.എ. യൂസഫിന്റെ ഭാര്യയ്ക്ക് ആനുകൂല്യമായി 6,58,641 രൂപയും വിതരണം ചെയ്തു. സംസ്ഥാന ബോർഡ് മെമ്പർമാരായ സി. കുഞ്ഞാത്കോയ, കെ. വേലു, കമലാലയം സുകു, ജില്ല കമ്മിറ്റി മെമ്പർ പി.കെ. ഇബ്രാഹിം, അസി. ലേബർ ഓഫീസർ ടി.കെ. നാസർ, വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളായ പി.എം. സലീം, ഡേവിഡ് തോപ്പിലാൻ, രാജേഷ് കാവുങ്കൽ, ഉപസമിതി മെമ്പർമാരായ വി.പി. ഖാദർ, സി.വി. മുഹമ്മദാലി, എൻ.കെ. മുഹമ്മദ്കുഞ്ഞ്, ടി.എ.എം. ബഷീർ, ടി.എം. നസീർ, വി.ഇ. റഹീം, സി.കെ. അബ്ദുള്ള, പി.പി. ഡേവിഡ് എന്നിവർ സംസാരിച്ചു.