കൊച്ചി: കേരളത്തിലെ സ്‌റ്രാർട്ടപ്പ് സംരംഭങ്ങളിൽ നാല് വർഷത്തിനകം 1,000 കോടി രൂപയ്‌ക്കുമേൽ നിക്ഷേപത്തിന് തയ്യാറായ നാല് കമ്പനികളെ സംസ്ഥാന സർക്കാർ തിരഞ്ഞെടുത്തു. യൂണികോൺ ഇന്ത്യ വെൻഞ്ച്വേഴ്‌സ്, ഇന്ത്യൻ ഏഞ്ചൽ നെറ്റ്‌വർക്ക്, എക്‌സീഡ് ഇലക്ട്രോൺ ഫണ്ട്, സ്‌പെഷ്യൽ ഇൻസ്‌പെക്‌റ്ര് ഫണ്ട് എന്നീ ഏഞ്ചൽ ഫണ്ട് നിക്ഷേപക സ്ഥാപനങ്ങളെയാണ് സർക്കാർ തിരഞ്ഞെടുത്തതെന്ന് കൊച്ചിയിൽ നടന്ന സീഡിംഗ് കേരള സമ്മേളനത്തിനിടെ സംസ്ഥാന ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു.
എഞ്ചൽ, വെഞ്ച്വർ കാപ്പിറ്റൽ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ 'ഫണ്ട് ഒഫ് ഫണ്ട്" മാതൃകയാണ് സ്വീകരിച്ചിട്ടുള്ളത്. വർഷം 15 കോടി രൂപ സംസ്ഥാന സർക്കാർ നിക്ഷേപമായി നൽകും. അടുത്ത നാല് വർഷത്തേക്ക് 60 കോടി രൂപയാണ് സംസ്ഥാന സർക്കാർ മുന്നോട്ടു വച്ചത്. എന്നാൽ, നാല് ഫണ്ടുകൾ ചേർന്ന് 1,000 കോടിയിലേറെ രൂപയുടെ നിക്ഷേപ സാദ്ധ്യത പറഞ്ഞു. ഈ ഫണ്ടുകളെയാണ് കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ തിരഞ്ഞെടുത്തത്. നാല് വർഷത്തിനകം വാഗ്ദാനം ചെയ്‌ത നിക്ഷേപത്തിന്റെ 25 ശതമാനമെങ്കിലും ലഭ്യമാക്കണമെന്ന് കരാറായിട്ടുണ്ട്. അതുകൊണ്ട്, സ്‌റ്റാർട്ടപ്പുകളിൽ 300 കോടി രൂപയുടെ നിക്ഷേപം ഉറപ്പാണെന്ന് എം. ശിവശങ്കർ പറഞ്ഞു. കേരളത്തിലെ സ്‌റ്റാർട്ടപ്പുകൾക്ക് നിക്ഷേപത്തിന്റെ അപര്യാപ്‌തത നാല് ഫണ്ടുകളെ തിരഞ്ഞെടുത്തതിലൂടെ പരിഹരിച്ചുവെന്ന് കേരള സ്‌റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.