നെടുമ്പാശേരി: അടുവാശേരി മേഖലയിലെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കാതെ അധികാരികൾ യാത്രക്കാരെ വലയ്ക്കുന്നു. അടുവാശേരി - തടിക്കക്കടവ് റോഡും, തടിക്കക്കടവ് ജംഗ്ഷനിൽ നിന്നും പാലത്തിലേക്കുള്ള അപ്രോച്ച് റോഡുമാണ് കുണ്ടും കുഴിയുമായി തകർന്നുകിടക്കുന്നത്.
അടുവാശേരി - തടിക്കക്കടവ് പാലം യാഥാർത്ഥ്യമായതോടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി സഞ്ചരിക്കുന്നത്. ആലുവയിൽ നിന്ന് വേഗത്തിൽ അടുവാശേരി, കുന്നുകര ഭാഗങ്ങളിലേക്കെത്താം എന്നതാണ് കൂടുതൽ പേർ ഈ റോഡിനെ ആശ്രയിക്കാൻ കാരണം. ഇരുചക്രവാഹനങ്ങളടക്കം ഓരോ ദിവസവും ഇവിടെ അപകടം വർദ്ധിക്കുകയാണ്.
രണ്ട് വർഷം മുൻപ് റോഡ് നിർമ്മാണത്തിന് തുക അനുവദിച്ചെങ്കിലും വിജിലൻസിന് പരാതി നൽകിയതിനെ തുടർന്നാണ് നിർമ്മാണം തടസപ്പെട്ടത്. ഇതിനിടയിൽ പഞ്ചായത്ത് ഭരണസമിതി ഹൈക്കോടതിയെ സമീപിച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കുന്നതിന് അനുകൂലവിധി സമ്പാദിച്ചെങ്കിലും പൊതുമരാമത്ത് ഉദ്യോഗസ്ഥർ നടപ്പാക്കാൻ തയ്യാറായില്ല. തടിക്കൽകടവ് ജംഗ്ഷനിൽ നിന്നും പാലത്തിലേക്കുള്ള റോഡ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലും പഞ്ചായത്ത് റോഡായ അടുവാശേരി തടിക്കക്കടവ് റോഡ് നിർമ്മാണത്തിനായി പഞ്ചായത്തിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതുമാണ്.
വിജിലൻസിൽ പരാതി ആയതോടെ പഞ്ചായത്ത് റോഡ് തിരികെ പഞ്ചായത്തിന് വിട്ടു നൽകാനും പി.ഡബ്ലിയു.ഡി അധികൃതർ തയ്യാറാകുന്നില്ല. ഇതേതുടർന്നാണ് അറ്റകുറ്റപ്പണി അനിശ്ചിതത്വത്തിലായത്. കഴിഞ്ഞദിവസം തടിക്കൽ കടവ് പാലത്തിന് സമീപം അടുവാശേരി ജനകീയ കൂട്ടായ്മ റോഡ് ഉപരോധിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്തംഗം എം.എ. സുധീർ ഉദ്ഘാടനം ചെയ്തു. ഇ.എം. സബാദ് അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സീന സന്തോഷ്, പി.ആർ. ഹരിദാസ്, എസ്. ബിജു, വി.എം. ബാവക്കുഞ്ഞ്, വി.എസ്. ജമാലുദ്ദീൻ കുഞ്ഞ്, കെ.ടി. രാജൻ, വി.എ. കരീം, സുകുമാർ കുറ്റിപ്പുഴ, സി.എ. വിജയകുമാർ, കെ.കെ. ലത്തീഫ്, വി.എസ്. നജീബ്, കെ.കെ. ചിന്നപ്പൻ തുടങ്ങിയവർ സംസാരിച്ചു. ഇക്കാര്യത്തിൽ എത്രയും വേഗം നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ജനകീയ കൂട്ടായ്മയുടെ തീരുമാനം.