കൊച്ചി: കലുങ്ക് നിർമ്മാണത്തിനിടെ ഭൂഗർഭ കേബിളിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. തമിഴ്‌നാട് രാമനാഥപുരം പരമക്കുടി സ്വദേശി മുത്തുരുളാണ്ടി (21) ആണ് മരിച്ചത്. വൈറ്റില ചക്കരപ്പറമ്പ് ഭാഗത്ത് ഇന്നലെ രാവിലെ 9.45 ഓടെയാണ് സംഭവം.
കലുങ്കിന്റെ വീതികൂട്ടാനുള്ള പണികൾക്കിടെ ഭൂഗർഭ 11 കെ.വി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന യന്ത്രം ഉപയോഗിച്ച് കുഴികളുടെ ആഴം കൂട്ടുന്ന ജോലികൾ ചെയ്യുന്നതിനിടെയാണ് മൂന്നുപേർക്കും ഷോക്കേറ്റത്.
ജാക്ക് ഹാമ്മർ കൈകാര്യം ചെയ്തിരുന്ന മുത്തുരുളാണ്ടി ഷോക്കേറ്റ് തെറിച്ചുവീണു. ഉടനേ സമീപവാസികൾ ഇവർക്ക് പ്രാഥമിക ശുശ്രൂഷ നല്കി, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മുത്തുരുളാണ്ടി വഴിമദ്ധ്യേ മരിച്ചു. രണ്ടുപേരുടെ പരിക്കുകൾ നിസാരമായിരുന്നതിനാൽ ഇരുവരെയും ആശുപത്രി ഒ.പിയിലെ പരിശോധനകൾക്ക് ശേഷം തിരിച്ചയച്ചു. മുത്തുരുളാണ്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. അസ്വാഭാവിക മരണത്തിന് പാലാരിവട്ടം പൊലീസ് കേസെടുത്തു.
രണ്ടാഴ്ചയായി ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. കലുങ്കിന്റെ വീതികൂട്ടൽ ജോലികൾ ഏറ്റെടുത്ത കരാറുകാരൻ പൈലിംഗ് ജോലികളെക്കുറിച്ച് മുന്നറിയിപ്പൊന്നും നല്കിയിരുന്നില്ലെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. കലുങ്കിന്റെ പ്ലാനുമായി ഓഫീസിൽ എത്തിയപ്പോൾ തന്നെ ഇലക്ട്രിക് ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളെക്കുറിച്ച് ബോദ്ധ്യപ്പെടുത്തിയിരുന്നു. മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ ഭൂഗർഭ ലൈനിലെ വൈദ്യുതിപ്രവാഹം താത്കാലികമായി നിറുത്താമായിരുന്നെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.