tv-channels

കൊച്ചി: മുന്നറിയിപ്പില്ലാതെ ചാനലുകൾ വിച്ഛേദിച്ചതിൽ പ്രതിഷേധിച്ച് ഡെൻ നെറ്റ് വർക്ക് ഓപ്പറേറ്റേഴ്‌സ് കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിൽ രണ്ടാം ദിവസവും കൊച്ചിയിലെ ഡെൻ കോർപ്പറേറ്റ് ഓഫീസിന് മുന്നിൽ സമരം നടത്തി. ട്രായ് ഉത്തരവ് നടപ്പാക്കുക, 154 രൂപയ്ക്ക് നൂറു സൗജന്യ ചാനലുകൾ കാണാൻ ഉപഭോക്താക്കൾക്ക് അവസരം ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ടെലികോം റെഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യയുടെ (ട്രായ്) നിർദ്ദേശപ്രകാരം കേബിൾ ടി.വി സർവീസുകളിലും ഡയറക്ട് ടു ഹോം സേവനങ്ങളിലും (ഡി.ടി.എച്ച്) പേ ചാനലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇവരുടെ ചൂഷണം അവസാനിക്കാൻ ട്രായ് ഉത്തരവ് പ്രകാരം സൗജന്യമായി സംപ്രേഷണം ചെയ്യന്ന നൂറു ചാനലുകൾ നെറ്റ് വർക്ക് ഓപ്പറേറ്റർമാർ ഉപഭോക്താക്കൾക്ക് നൽകണം. 26 ദൂരദർശൻ പ്രാദേശിക ചാനലുകളും 74 സൗജന്യ ചാനലുകളും ഇതിലുണ്ട്. ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കുന്ന പേ ചാനലുകൾക്ക് നിശ്ചിത തുകയും ഇ‌ൗടാക്കാം. തുക നൽകുന്ന മുറയ്ക്ക് ചാനലുകൾ ഓപ്പറേറ്റർമാർ ഓൺ ചെയ്തു നൽകും.

ഉത്തരവിനെ വെല്ലുവിളിച്ച് ഡെൻ നെറ്റ് വർക്ക് പേ ചാനൽ ഉൾപ്പെടെ കേരള സിൽവർ എന്ന പാക്കേജ് ഉണ്ടാക്കി ജനങ്ങൾക്ക് നൽകാൻ തീരുമാനിച്ചു. ഇതിനിടെയാണ് സൗജന്യ ചാനലുകൾ ഉൾപ്പെടെ കഴിഞ്ഞ അഞ്ചു മുതൽ കേബിൾ വിച്ഛേദിച്ചത്. ഇതിനെതിരെയാണ് ചെറുകിട കേബിൾ ഓപ്പറേറ്റർമാർ രംഗത്തെത്തിയത്. സമരത്തെ തുടർന്ന് ഇന്നലെ ഏഴ് ചാനലുകൾ പുനഃസ്ഥാപിച്ചു.

 കളക്ടറുമായി ചർച്ച ഇന്ന്

ഡെൻ നെറ്റ് വർക്ക് ഓപ്പറേറ്റേഴ്‌സ് കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 12ന് കളക്ടറുമായി ചർച്ച നടത്തും. കോൺഫെഡറേഷൻ നേതാക്കളായ അനിൽ പ്ലാവിൻസ്, ഷെറിൻ വർഗീസ്, പൗലോസ് അന്തിക്കാട്, ബൈജു ,കെ.സി, സജി ജോസഫ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും.