കൊച്ചി: വാശിയേറിയ പോരാട്ടത്തിൽ അഹമ്മദാബാദ് ഡിഫന്റേഴ്സിനെ തുരത്തി കൊച്ചി ബ്ളൂ സ്പൈക്കേഴ്സ് പ്രോ വോളിബാൾ ലീഗിൽ രണ്ടാം ജയം സ്വന്തമാക്കി. ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് ഡേവിഡ് ലീ നൽകിയ പത്തു പോയിന്റിന്റെ മികവിലാണ് കൊച്ചിയുടെ വിജയം. സ്കോർ : 10-15, 15-1, 11-15, 15-12, 15-12. അഹമ്മദാബാദിന്റെ വിക്ടർ സിയോസിസാണ് കളിയിലെ താരം.
ആദ്യ സെറ്റിൽ അഹമ്മദാബാദാണ് മുന്നേറ്റം കുറിച്ചത്. നാലു പോയിന്റ് നേടും വരെ കൊച്ചിക്ക് ഒരു പോയിന്റ് പോലും നൽകിയില്ല. സൂപ്പർ പോയിന്റും സൂപ്പർ സർവുമായി അവർ പോയിന്റ് നില വർദ്ധിപ്പിച്ചു. പിന്നീട് പോയിന്റ് നില മെച്ചപ്പെടുത്തിയെങ്കിലും പത്തിൽ നിൽക്കെ അഹമ്മദാബാദ് വിജയം കരസ്ഥമാക്കി.
രണ്ടാം സെറ്റിൽ മികച്ച കളി പുറത്തെടുത്തു. ഡേവിഡ് ലീയും ആന്ദ്രെ പതുക്കും തകർപ്പൻ സ്മാഷുകളുമായി മുന്നേറ്റം കുറിച്ചു. ഒപ്പമെത്തിയ നാകയൻ ഉക്രപാണ്ഡ്യന്റെ പ്രകടനവും വിജയം അനായാസമാക്കി.
മൂന്നാം സെറ്റിൽ മനു ജോസഫിന്റെ കിടിലൻ പ്രകടനമാണ് കൊച്ചിക്ക് മുതൽക്കൂട്ടായത്. മനുവിന്റെ കടുത്ത പ്രതിരോധവും ഡേവിഡ് ലീയും ആന്ദ്രെ പതുക്കും എസ്. പ്രഭാകരനും കനത്ത സ്മാഷുകളിലൂടെ അഹമ്മദാബദിനെ തളച്ചു. എന്നാൽ ഹൈദരാബാദിനെയാണ് വിജയം കടാക്ഷിച്ചത്.
നാലാം സെറ്റിൽ സൂപ്പർ പോയിന്റുകളുടെ ബലമാണ് കൊച്ചിക്ക് കരുത്ത് പകർന്നത്. ഉക്രപാണ്ട്യൻ ഉതിർത്ത കനത്ത സ്മാഷുകൾ കൊച്ചിക്ക് വിജയം സമ്മാനിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഡേവിഡ് ലീയും കെ. പ്രവീൺ കുമാറും ഒപ്പം ചേർന്നതോടെ വിജയം അനുകൂലമായി.
അഞ്ചാം സെറ്റിൽ വിജയം ഉറപ്പിക്കാൻ ഇരുടീമുകളും മികച്ച കളിയാണ് പുറത്തെടുത്തത്. എന്നാൽ പിഴവുകൾ അഹമ്മദാബാദിന് വിനയായി. വിളിച്ച സൂപ്പർ പോയിന്റുകളും അനുകൂലമാക്കി കൊച്ചി മുന്നേറി. വിട്ടുകൊടുക്കാൻ തയ്യാറാകാതെ അഹമ്മദാബാദ് പോരാടിയത് പിരിമുറുക്കം വർദ്ധിപ്പിച്ചെങ്കിലും ഉക്രപാണ്ട്യന്റെ മികവിൽ കൊച്ചി വിജയം ഉറപ്പിക്കുകയായിരുന്നു.