pulsar-suni

കൊച്ചി : യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിന്റെ വിചാരണ എറണാകുളം ജില്ലയ്‌ക്കു പുറത്തേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ ഹർജി നൽകി. വിചാരണയ്‌ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്‌ജിയും വേണമെന്നാവശ്യപ്പെട്ട് യുവനടി നൽകിയ ഹർജിയിൽ കക്ഷിചേരാൻ അനുവദിക്കണമെന്നും പൾസർ സുനി ആവശ്യപ്പെട്ടു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് നടി ഇത്തരമൊരു ഹർജി നൽകിയത്. അതനുവദിച്ചാൽ തന്റെ അഭിഭാഷകനടക്കമുള്ളവർ ജില്ലയ്ക്കു പുറത്തുപോയി കേസ് നടത്തേണ്ടിവരും. താൻ ജയിലിലായതിനാൽ അഭിഭാഷകന് ഫീസ് നൽകാനാവാത്ത സ്ഥിതിയുണ്ടെന്നും സുനി പറയുന്നു.

2017 ഫെബ്രുവരി 23 മുതൽ പൾസർ സുനി ജയിലിലാണ്. 2017 നവംബർ 11 ന് കുറ്റപത്രവും നൽകി. എറണാകുളം സെഷൻസ് കോടതിയിൽ വിചാരണ നടപടികൾ ഇനിയും തുടങ്ങിയിട്ടില്ല. പ്രതികളും സാക്ഷികളും എറണാകുളത്തുകാരാണ്. കേസ് മറ്റിടത്തേക്ക് മാറ്റുന്നത് സാക്ഷികൾക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഹർജിയിൽ പറയുന്നു.