k-v-thomas
k v thomas

കൊച്ചി: തകർക്കാൻ പറ്റാത്ത വിശ്വാസം എന്ന പോലെയാണ് എറണാകുളത്ത് യു.ഡി.എഫിന്റെ ഉറപ്പ്. ഒന്നാം ലോക്‌സഭാകാലം മുതൽ ഉപതിരഞ്ഞെടുപ്പ് ഉൾപ്പെടെ ഇന്നോളം നടന്ന പതിനേഴു മത്സരങ്ങളിൽ മണ്ഡലത്തിൽ ചെങ്കൊടി പാറിയത് അഞ്ചു തവണ മാത്രം. അതുകൊണ്ട്, കഴിഞ്ഞ രണ്ടു തവണ ഉൾപ്പെടെ അഞ്ചു വട്ടം യു.ഡി.എഫിനായി എറണാകുളം കാത്ത പ്രൊഫ. കെ.വി. തോമസിനെ വിട്ട് മറ്റൊരു പേര് കോൺഗ്രസിനു ചിന്തിക്കാനില്ല.

തോമസ് മാഷിനു പകരം ഹൈബി ഈഡന്റെ പേര് ആലോചിച്ചിരുന്നെങ്കിലും, സിറ്റിംഗ് എം.എൽ.എമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് കട്ടായം പറഞ്ഞതോടെ കണ്ണുകൾ വീണ്ടും കുമ്പളങ്ങിയിലേക്കു തന്നെ. തോമസ് മാഷിന് ജന്മനാടായ കുമ്പളങ്ങി കഴിഞ്ഞേയുള്ളൂ എന്തും. അതിന് മാഷുടെ പുസ്‌തകങ്ങൾ തന്നെ സാക്ഷ്യം- എന്റെ കുമ്പളങ്ങി, കുമ്പളങ്ങി കാലിഡോസ്‌കോപ്പ്, കുമ്പളങ്ങി ഫ്ളാഷ്....! യുവാക്കൾക്കു പ്രാമുഖ്യം വേണമെന്ന നിർദ്ദേശം എന്തായാലും തോമസ് മാഷിന്റെ കാര്യത്തിൽ ബാധകമാകാനിടയില്ല.

ലത്തീൻ സഭയ്‌ക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ കഴിഞ്ഞ തവണത്തെ എൽ.ഡി.എഫ് പരീക്ഷണം മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറി ക്രിസ്‌റ്റി ഫെർണാണ്ടസിനെ ഇറക്കിയായിരുന്നു. പരീക്ഷണം പൊട്ടിയതിന്റെ ക്ഷീണം മാറിയിട്ടില്ല. തോമസ് മാഷിനെതിരെ നിറുത്താൻ പറ്റിയ കരുത്തനെ കണ്ടെത്താനാവാത്തതിന്റെ ഇടതുസങ്കടം ചെറുതല്ല. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവിന്റെ പേര് പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും സ്വീകാര്യത കിട്ടുമോ എന്നു തീർച്ചയില്ല.

അല്ലെങ്കിലും, രാജീവിനു താത്‌പര്യം ചാലിക്കുടിയാണ്. ഇനി മത്സരരംഗത്തേക്കില്ലെന്ന് സിറ്റിംഗ് എം.പി ഇന്നസെന്റ് വ്യക്തമാക്കിയിട്ടുള്ളതുകൊണ്ട് രാജീവിന് പ്രതീക്ഷയോടെ ഇരിക്കാം. കഴിഞ്ഞ തവണത്തെ കോട്ടയത്തിനു പകരം എറണാകുളം കിട്ടിയാൽ കൊള്ളാമെന്ന് ജനതാദൾ- എസിന് നോട്ടമുണ്ട്. എൽ.ഡി.എഫ് സമ്മതിച്ചാൽ സീറ്റുകൾ പരസ്‌പരം വച്ചുമാറാനും സാധ്യതയുണ്ട്. എന്തായാലും, പൊളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞ് സി.പി.എം നേതാക്കൾ തിരിച്ചെത്തിയാലുടൻ മുന്നണി യോഗം ചേർന്ന് സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കും. സ്ഥാനാർത്ഥിയുടെ കാര്യം അതു കഴിഞ്ഞു ചിന്തിച്ചാൽ മതിയല്ലോ എന്നാണ് ജില്ലാ നേതൃത്വത്തിന്റെ സാ.... മട്ട്.

കഴിഞ്ഞ രണ്ടു തവണയും ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച പാർട്ടി ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ‌്ണൻ ഒരു ലക്ഷത്തോളം വോട്ടുകൾ നേടിയിരുന്നു. ശബരിമല വിഷയം നൽകുന്ന പിന്തുണയുടെ ബലത്തിൽ വോട്ട് വർദ്ധിപ്പിക്കാമെന്ന് ബി.ജെ.പി വിചാരിക്കുമ്പോൾ രാധാകൃഷ്‌ണന് മറ്റൊരു മണ്ഡലത്തിൽ മത്സരിച്ചാൽ കൊള്ളാമെന്നുണ്ട്. പാർട്ടി ജില്ലാ ഘടകത്തിലെ പൊട്ടിത്തെറികളിലും, യുവമോർച്ച ജില്ലാ പ്രസി‌ഡന്റിന്റെ രാജിവിവാദത്തിലും കലങ്ങി പ്രവർത്തനം നിലച്ചമട്ടിലായ അണികളെ തിരഞ്ഞെടുപ്പിനു സജ്ജരാക്കാനുള്ള തത്രപ്പാടിലാണ് നേതാക്കൾ. അതിനിടെ, എറണാകുളത്തിനായി ഘടകകക്ഷിയായ ബി.ഡി.ജെ.എസ് ഇത്തവണ അവകാശമുന്നയിച്ചിട്ടുമുണ്ട്.

■ നിയമസഭ മണ്ഡലങ്ങൾ

പറവൂർ

വൈപ്പിൻ

കൊച്ചി

എറണാകുളം

തൃപ്പൂണിത്തുറ

തൃക്കാക്കര

കളമശ്ശേരി

■ 2014 വോട്ടിംഗ് നില

പ്രൊഫ.കെ.വി.തോമസ് (കോൺഗ്രസ്) - 3,53,841

ക്രിസ്‌റ്റി ഫെർണാണ്ടസ് (ഇടതു സ്വതന്ത്രൻ) -2,66,794

എ.എൻ.രാധാകൃഷ്‌ണൻ (എൻ.ഡി.എ) - 99,003

കെ.വി.തോമസിന്റെ ഭൂരിപക്ഷം -87,047