കൊച്ചി : സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളെ ഇരിക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്താചിത്രം ശ്രദ്ധയിൽപെട്ട ഹൈക്കോടതി വിഷയത്തിൽ ഇടപെടുന്നു. റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റികൾ മുഖേന ഇക്കാര്യം അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ സിംഗിൾബെഞ്ച് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദ്ദേശം നൽകി. തൃശൂരിലെ സീനിയർ ഫോട്ടോഗ്രാഫറായ റാഫി എം.ദേവസി പകർത്തിയ ചിത്രത്തെ തുടർന്നാണ് സിംഗിൾബെഞ്ച് നിർദ്ദേശം നൽകിയത്.
വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകാൻ സ്വകാര്യ ബസുകൾക്ക് ബാദ്ധ്യതയില്ലെന്ന ആൾ കേരള ബസ് ഒാപ്പറേറ്റേഴ്സ് ഒാർഗനൈസേഷന്റെ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രനാണ് കേരളകൗമുദി ഫെബ്രുവരി ഒന്നിന് പ്രസിദ്ധീകരിച്ച ഷൂട്ട് അറ്റ് സൈറ്റ് ചിത്രത്തെക്കുറിച്ച് പരാമർശിച്ചത്.
കഴിഞ്ഞ ആഗസ്റ്റ് മുതൽ ഹർജി നിലവിലുണ്ട്.
തൃശൂർ - ചാത്തക്കുടം റൂട്ടിലെ സ്വകാര്യ ബസിൽ സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും നിന്നു യാത്ര ചെയ്യുന്ന വിദ്യാർത്ഥിനികളുടെ ചിത്രം ശ്രദ്ധയിൽപെട്ട ഹൈക്കോടതി ഹർജി വീണ്ടും പോസ്റ്റ് ചെയ്യാൻ രജിസ്ട്രിക്ക് നിർദ്ദേശം നൽകി. ട്രാൻസ്പോർട്ട് കമ്മിഷണറെയും ഡി.ജി.പിയെയും ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തു.
ഹർജി ഫെബ്രുവരി 14 നു വീണ്ടും പരിഗണിക്കും. കേരളകൗമുദി വാർത്താ ചിത്രത്തിന്റെ പകർപ്പ് കക്ഷികൾക്ക് നൽകാനും ഇടക്കാല ഉത്തരവിൽ പറയുന്നു.