കൊച്ചി: പ്രോ വോളി ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ അഞ്ചിൽ നാലു സെറ്റുകളും സ്വന്തമാക്കി ചെന്നൈ സ്പാർട്ടൻസിന് മിന്നുന്ന വിജയം. എതിരാളി ഹൈദരാബാദ് ബ്ളാക്ക് ഹോക്സിനെ കനത്ത സ്‌മാഷിന്റെയും ബ്ളോക്കിന്റെയുംപിഴൻബലത്തിലാണ് ചെന്നൈ കീഴടക്കിയത്. ജയിക്കാമായിരുന്ന അവസാന സെറ്റ് പിഴവിലൂടെയാണ് ചെന്നൈ നഷ്ടമാക്കുകയായിരുന്നു. ചെന്നൈയുടെ നവീൻരാജ ജേക്കബാണ് കളിയിലെ താരം.
പോയിന്റ് : 15-12, 15-12, 15-11, 15-10, 13-15.
ഹൈദരാബാദിന്റെ കുതിപ്പാണ് ആദ്യ സെറ്റിന്റെ തുടക്കത്തിൽ കണ്ടതെങ്കിലും ചെന്നൈയുടെ അട്ടിമറി ജയമാണ് സംഭവിച്ചത്.തുടക്കത്തിൽ ചെന്നൈക്ക് ഒരു പോയിന്റ് പോലും നൽകാതെ അഞ്ചു പോയിന്റ് ഹൈദരാബാദ് നേടി. മലയാളിതാരം അഖിൻ ജി.എസിന്റെ സ്മാഷിലൂടെ ചെന്നൈ ആദ്യ പോയിന്റ് നേടി. ഹൈദരാബാദ് എട്ടു പോയിന്റ് നേടിയതോടെ തുടർന്ന് കളി പിടിച്ചെടുക്കുന്ന പോരാട്ടമാണ് ചെന്നൈ കാഴ്ചവച്ചത്. സൂപ്പർ പോയിന്റുകളിലൂടെയും കനത്ത സ്മാഷിലൂടെയും കുതിച്ചുകയറി ചെന്നൈ പത്തിന് സമനില കരസ്ഥമാക്കി. ഹൈദരാബാദ് വിളിച്ച സൂപ്പർ പോയിന്റിലെ പ്രശാന്ത് പിയുടെ സർവീസ് വലയിൽ കുടുങ്ങി ലഭിച്ച പോയിന്റിലൂടെ 13-11 ന് ചെന്നൈ മുന്നിലെത്തി. റൂഡി വെർഹോഫിന്റെ സ്മാഷിലൂടെ അടുത്ത പോയിന്റ് നേടിയ ചെന്നൈ ഹൈദരാബാദിന്റെ അശ്വൽ റായിയുടെ പിഴവിലൂടെ സെറ്റ് സ്വന്തമാക്കി.
മിന്നൽ പോരാട്ടമായിരുന്നു രണ്ടാം സെറ്റിലും ചെന്നൈ പുറത്തെടുത്തത്. മലയാളി താരം അഖിന്റെ സാന്നിദ്ധ്യം മൂലം കാണികളുടെ പിന്തുണയും അവർക്കായിരുന്നു. റൂഡി വെർഹോഫും റുസ്‌ലാൻസ് സോറോകിൻസും അഖിനും ഉഗ്രൻ പ്രകടനത്തിലൂടെ രണ്ടാം സെറ്റും ചെന്നൈക്ക് നേടിക്കൊടുക്കുകയായിരുന്നു. റൂഡിയുടെ തകർപ്പൻ സ്മാഷാണ് വിജയം നിർണയിച്ചത്.
ഒപ്പത്തിനൊപ്പം കളിയായിരുന്നു മൂന്നാം സെറ്റിൽ. നാലു പോയിന്റിന് ശേഷം ചെന്നൈ മുൻതൂക്കം നേടി. സൂപ്പർ സർവ് ഉൾപ്പെടെ നാലു പോയിന്റ് അവർ സ്വന്തമാക്കി. ഉണർന്നുകളിച്ച ഹൈദരാബാദ് എട്ടിൽ സമനില പിടിച്ചു. ഇടയ്ക്ക് ഒരു പോയിന്റിന് മുന്നിൽ വന്നെങ്കിലും വിട്ടുകൊടുക്കാൻ ചെന്നൈ തയ്യാറായില്ല. സൂപ്പർ പോയിന്റും സൂപ്പർ സർവും നൽകിയ മികവിൽ ചെന്നൈ വിജയം കൈക്കലാക്കി. നവീൻരാജ ജേക്കബാണ് വിജയം നിർണയിച്ച അവസാന പോയിന്റുകൾ നേടിയത്.
നാലാം സെറ്റിലും തുടക്കം മുതൽ മുന്നേറിയ ചെന്നൈക്ക് ഒപ്പമെത്താൻ ശ്രമിച്ചെങ്കിലും മറികടക്കാൻ ഹൈദരാബാദിന് കഴിഞ്ഞില്ല. പത്തു പോയിന്റിൽ അവരുടെ കാറ്റുപോയി. തുടർച്ചയായ സ്മാഷുകളും ബ്ളോക്കും പ്ളേസിംഗുകളുമായി ചെന്നൈ മുന്നേറി വിജയിച്ചു. നവീൻ രാജയും കാൾസൺ മാർട്ടിൻ ക്ളാർക്കും റൂഡി വെർഹോഫുമാണ് ജയം നേടിയെടുത്തവരിൽ പ്രധാനികൾ.
അവസാന സെറ്റിലും ചെന്നൈയാണ് മുന്നേറിയത്. പിന്നാലെ ഹൈദരാബാദ് കുതിച്ചെത്തി. 11ൽ സമനില പിടിച്ച അവർ ചെന്നൈയുടെ പിഴവുകൾ മുതലാക്കിയും മികച്ച പ്രതിരോധത്തിലൂടെയുമാണ് ആശ്വാസ വിജയം നേടിയത്.