kappal

കൊച്ചി: അനുമതിയില്ലാതെ കൊച്ചിയിലും ലക്ഷദ്വീപിലും മാസങ്ങളോളം കറങ്ങിയ വിദേശ പായ‌്ക്കപ്പലായ എസ‌്.വൈ. സീ ഡ്രീമിനെ എറണാകുളം ബോൾഗാട്ടിയിലെ മറീനയിൽ നിന്ന് കസ‌്റ്റംസ‌് കസ്‌റ്റഡിയിലെടുത്തു. സ്വിറ്റ‌്സർലന്റിൽ രജിസ‌്റ്റർ ചെയ‌്ത പായ‌്ക്കപ്പലിന്റെ ഉടമയെ കണ്ടെത്താനായില്ല. 2018 ഫെബ്രുവരി 23നാണ‌് പായ‌്ക്കപ്പൽ കൊച്ചി തുറമുഖത്തെത്തിയത്. 26ന‌് ബോൾഗാട്ടിയിലെ മറീനയിൽ നങ്കൂരമിട്ടു. പിന്നീട് ഒമ്പത‌് മാസത്തോളം ഇവിടെ തങ്ങി. തുടർന്ന‌് ലക്ഷദ്വീപിലെ ബംഗാരം, കൽപേനി, അഗത്തി, കടമത്ത‌്, അമിനി, കവരത്തി എന്നിവിടങ്ങൾ സന്ദർശിച്ചു. കസ‌്റ്റംസിന്റെ അംഗീകൃത തുറമുഖങ്ങളിലൊന്നും പായ‌്ക്കപ്പൽ എത്തിയിട്ടില്ല. യാത്രയ്‌ക്ക് കേന്ദ്ര സർക്കാരിന്റെയോ ബന്ധപ്പെട്ട വകുപ്പുകളുടെയോ അനുമതി വാങ്ങിയിരുന്നില്ല.
ബോൾഗാട്ടി മറീനയിലെ രജിസ‌്റ്ററിൽ പായ‌്ക്കപ്പലിന്റെ ഉടമ തോമസ‌് റെയ‌്കെർട‌് ആണ്. ഇയാൾ സ്വിറ്റ‌്സർലന്റിലേക്ക‌് പോയതായും മാർച്ചിൽ തിരിച്ചെത്തുമെന്നും മറീന‌ അധികൃതർ കസ‌്റ്റംസിന് മൊഴി നൽകി. കപ്പലിന്റെ വാതിലുകൾ പൂട്ടിയതിനാൽ കസ‌്റ്റംസ‌് അധികൃതർക്ക‌് അകത്ത‌് കയറാനായില്ല. കസ‌്റ്റംസ‌ിന്റെ അനുമതിയില്ലാതെ വിദേശ പായ്‌ക്കപ്പൽ മാസങ്ങളോളം ഇവിടെ തങ്ങിയതിൽ ദുരൂഹതയുണ്ടെന്ന‌ും സംഭവത്തെക്കുറിച്ച‌് മറ്റ‌ു ഏജൻസികൾ അന്വേഷിക്കുമെന്നും കസ‌്റ്റംസ‌് കമ്മിഷണർ സുമിത‌് കുമാർ വ്യക്തമാക്കി. സുരക്ഷാ സേനകളുടെ കണ്ണുവെട്ടിച്ച‌് അതീവ സുരക്ഷാ മേഖലയിലുൾപ്പെടെ കപ്പൽ മാസങ്ങളോളം കറങ്ങിയത‌് ഗൗരവകരമാണെന്ന് കസ്‌റ്റംസ് വിലയിരുത്തി.