കൊച്ചി: മദ്യപാനികളിലെ പാവങ്ങളും ചെറുകിട ലഹരിപ്രിയരും ആശ്രയിക്കുന്ന കള്ളിനും അതുകൊണ്ട് ഉപജീവനം നടത്തുന്നവർക്കും കഷ്ടകാലം തന്നെ. പല പല കാരണങ്ങളാൽ താറുമാറായ ഈ പരമ്പരാഗത വ്യവസായം ദൂരപരിധിമുതൽ ക്ഷേമനിധിവരെയുള്ള കുരുക്കുകളാൽ കൂടുതൽ പ്രതിസന്ധിയിലായി. സർക്കാർ കനിഞ്ഞില്ലെങ്കിൽ കരാറുകാർക്കും തൊഴിലാളികൾക്കും ചാരായത്തൊഴിലാളികളുടെ ഗതിയാവും.
ബാറുകൾക്ക് 200 മീറ്ററാണ് വിദ്യാലയങ്ങളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നുമുള്ള ദൂരപരിധി. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് 50 മീറ്ററും. ലഹരിയിൽ വിദേശമദ്യത്തിന്റെ ഏഴയലത്ത് വരാത്ത കള്ളിന് 400 മീറ്ററാണ് ദൂരപരിധി. ചെത്തുതൊഴിലാളി സംഘടനകളും കരാറുകാരും വർഷങ്ങളായി ഇതൊന്നു കുറയ്ക്കാൻ കാലുപിടിച്ചിട്ടും ഇടതു, വലതു സർക്കാരുകൾ അനങ്ങുന്നില്ല.
നിലവിലുള്ള ഷാപ്പുകളുടെ സ്ഥലമോ കെട്ടിടമോ ഒഴിയേണ്ടിവന്നാൽ ആ ഷാപ്പ് ഇല്ലാതാവുകയാണ്. ദേശീയ പാതയിൽ മദ്യശാലകൾ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പൂട്ടിയ ഷാപ്പുകളിൽ നൂറിലേറെ, അനുകൂല വിധിയുണ്ടായിട്ടും തുറക്കാനാവുന്നില്ല. ഷാപ്പ് ഉണ്ടായശേഷം വന്ന ആരാധനാലയങ്ങളും വിദ്യാലയങ്ങളും ലൈസൻസ് പുതുക്കുന്നതിന് തടസമാകുന്നു.
ലൈസൻസ് പുതുക്കുമ്പോൾ കെട്ടിട ഉടമയുടെ സമ്മതപത്രം വേണമെന്ന വ്യവസ്ഥയാണ് മറ്റൊരു കുരുക്ക്. സമ്മതപത്രം ഒപ്പിടാൻ രണ്ടും മൂന്നും ഇരട്ടി വാടക കുത്തിപ്പിടിച്ച് വാങ്ങുകയാണ് കെട്ടിടഉടമകൾ. നഗരപ്രദേശങ്ങളിൽ ഈ പ്രശ്നത്താൽ ഒട്ടേറെ ഷാപ്പുകൾ പൂട്ടിപ്പോയി. ബാർ ഹോട്ടലുകൾക്കാകട്ടെ വാടക എഗ്രിമെന്റിന്റെ പകർപ്പ് സമർപ്പിച്ച് ലൈസൻസ് പുതുക്കാം.
കേരളത്തിലെ ഷാപ്പുകൾക്കെല്ലാം കള്ള് നൽകുന്ന പാലക്കാട് ജില്ലയിൽ സീസണിൽ മാത്രം ചെത്താൻ വരുന്ന അന്യസംസ്ഥാന താത്കാലിക തൊഴിലാളികൾക്കും ക്ഷേമനിധി അംഗത്വം നൽകണമെന്ന വ്യവസ്ഥയാണ് പുതിയ പ്രശ്നം. ക്ഷേമനിധിയിൽ പെടുത്തിയാൽ ഇവരെത്തിയാലും ഇല്ലെങ്കിലും ഷാപ്പുകരാറുകാർ വർഷം മുഴുവൻ ക്ഷേമനിധി വിഹിതം നൽകാൻ ബാദ്ധ്യസ്ഥരാകും.