story-pic

കൊച്ചി: മുനമ്പത്ത് നിന്നും ആസ്‌ട്രേലിയ ലക്ഷ്യമാക്കി അനധികൃതമായി പലായനം ചെയ്തവർ യാത്രതിരിച്ച ബോട്ട് ഇതുവരെ കണ്ടെത്താനായില്ല. 27ദിവസം കൊണ്ട് ആസ്‌ട്രേലിയയ്ക്കടുത്തുള്ള ക്രിസ്മസ് ദ്വീപിൽ എത്താമെന്നിരിക്കെ ബോട്ട് കണ്ടെത്താനാവാത്തത് ആശങ്ക ഉയർത്തുന്നു. ഇന്ത്യോനേഷ്യ വഴി ആസ്‌ട്രേലിയയിലേക്ക് നീങ്ങിയിരിക്കാമെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ഇക്കാര്യം ആസ്‌ട്രേലിയ, ഇന്തോനേഷ്യ ഭരണകൂടങ്ങൾക്ക് പൊലീസ് കൈമാറിയെങ്കിലും മറുപടി കിട്ടിയിട്ടില്ല.

നിലവിൽ, പലായനം ചെയ്തവരുടെ ബന്ധുക്കൾ വഴി ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ശ്രീലങ്കൻ സ്വദേശികൾ പലായനത്തിന് ഉപയോഗിച്ച ദയ മാത ബോട്ട് ദ്വീർഘയാത്രയ്ക്ക് പറ്റിയതല്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ബോട്ടിൽ കരുതിയിട്ടുള്ള ഇന്ധനം തീരാനുള്ള സാധ്യയുണ്ടെന്ന ആശങ്കയും ഇവർ പങ്കുവയ്ക്കുന്നു. കഴിഞ്ഞമാസം 12നാണ് മുനമ്പം മാല്യങ്കരയിൽ നിന്നും കൈക്കുഞ്ഞ് അടക്കം 87 പേർ ബോട്ടിൽ യാത്ര തിരിച്ചത്. കൊച്ചിയിൽ നിന്ന് 7,300 കിലോമീറ്ററിലധികം ദൂരമുണ്ട് ആസ്‌ട്രേലിയയിലേക്ക്.

തീരസുരക്ഷയും നിരീക്ഷണവും കൂടുതൽ കർശനമാക്കിയ ഓസ്‌ട്രേലിയൻ നാവികസേന അഭയാർത്ഥി ബോട്ടുകളെ പിടികൂടി കടലിൽവച്ചു തന്നെ മടക്കുന്നതു പതിവാക്കിയിട്ടുണ്ട്. അങ്ങനെ എന്തെങ്കിലും സംഭവിച്ചോ എന്നും വ്യക്തമല്ല. 2013ൽ മുനമ്പത്ത് നിന്നും ക്രിസ്മസ് ദ്വീപിലേക്ക് കടക്കാൻ ശ്രമിച്ചവരെ ആസ്‌ട്രേലിയൻ പൊലീസ് പിടികൂടി തിരിച്ചയച്ചിരുന്നു. ഇതിനുശേഷം പലതവണ മുനമ്പത്ത് നിന്നും മനുഷ്യക്കടത്തിന് ശ്രമം നടന്നിട്ടുണ്ട്.

നൂറിലധികംപേരാണ് ആസ്ട്രേലിയയിലേക്ക് പലായനം ചെയ്യാൻ ഒടുവിൽ മുനമ്പ് എത്തിയത്. എന്നാൽ,​ 87 പേർക്ക് മാത്രമേ യാത്ര തിരിക്കാനായുള്ളൂ. തിരികെ മടങ്ങിയവരിൽ ഒരാളെ മാത്രമാണ് പൊലീസിന് പിടികൂടാനായത്.ഡൽഹി അംബേദ്കർ നഗറിൽ താമസക്കാരനായ രവി സനൂപ് രാജയാണ് പിടിയിലായത്. കുടുംബാംഗങ്ങളെ മുനമ്പത്ത് നിന്ന് ബോട്ടിൽ കയറ്റി അയച്ച ശേഷം രവി ഡൽഹിയിൽ തിരിച്ചെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. യാത്ര ചെയ്യാനാവാത്തവരിൽ അധികവും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഡൽഹി,​ ചെന്നൈ എന്നിവിടങ്ങളിൽ ഇവർക്കായി അന്വേഷണം നടത്തുന്നുണ്ട്. തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെയാണ് അന്വേഷണം.

കസ്റ്റഡിയിൽ വാങ്ങി

മനുഷ്യക്കടത്ത് കേസിൽ റിമാൻഡിൽ കഴിയുന്ന ശ്രീലങ്കൻ സ്വദേശികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ദയാമാതാ ബോട്ടിന്റെ ഉടമയും കോവളം സ്വദേശിയുമായ അനിൽ, ശ്രീലങ്കൻ സ്വദേശികളായ പ്രഭു, രവി എന്നിവരെയാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയത്. 2013ലെ മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങിയത്. മൂവരെയും ചോദ്യം ചെയ്തുവരികയാണ്.

കേസിൽ ഇനി പിടിയിലാകാനുള്ള ശെൽവൻ, രവീന്ദ്ര, ശ്രീലങ്കൻ പൗരനായ ശ്രീകാന്തൻ എന്നിവർ കേസിലെ മുഖ്യ ഇടനിലക്കാരാണ്. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ത്യൻ പാസ്‌പോർട്ട് ആക്ട്, ഫോറിനേഴ്‌സ് ആക്ട്, എമിഗ്രേഷൻ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇതുകൂടാതെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

നിർണായക വിവരങ്ങൾ കിട്ടി

മുനമ്പം മനുഷ്യക്കടത്ത് കേസിൽ ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും കേസ് അന്വേഷണത്തെ ബാധിക്കുന്നതിനാൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ല.

രാഹുൽ ആർ.നായർ, ആലുവ റൂറൽ എസ്.പി