പിറവം : വിഷുവിന് വിഷരഹിത പച്ചക്കറിയെത്തിക്കാൻ വീണ്ടും പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് രംഗത്ത്. ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് മോഡൽ അഗ്രോസെന്ററും ചേർന്നാണ് വിഷുവിന് വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ കെട്ടിടത്തിന് മുകളിലെ ടെറസിലാണ് ഈ വർഷം പച്ചക്കറി ഉത്പാദിപ്പിക്കുന്നത്. 250 ഗ്രോബാഗുകളിൽ ' തിരിനന 'കൃഷിരീതിയാണ് ഇപ്രാവശ്യം നടപ്പിലാക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷങ്ങളിലും ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ വിഷുവിന് പച്ചക്കറി ഉത്പാദിപ്പിച്ചിരുന്നു. ഫ്ളാറ്റുകളുടെയും, വീടുകളുടെയും ടെറസുകളിൽ എളുപ്പത്തിൽ ചെയ്യാവുന്ന കൃഷി രീതിയാണ് തിരി നനകൃഷി. തടപ്പയർ, വള്ളിപ്പയർ, വെണ്ട, വഴുതന, തക്കാളി, പച്ചമുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്. പച്ചക്കറിത്തൈ നടീൽ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് . സുമിത് സുരേന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജെസി ജോണി, അംഗങ്ങളായ കെ.ജി. ഷിബു, ഒ.കെ. കുട്ടപ്പൻ, ബിന്ദു സിബി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബൈജു ടി പോൾ, ഫെസിലിറ്റേറ്റർ വി.സി. മാത്യു എന്നിവർ സന്നിഹിതരായിരുന്നു.