pk-kunjananthan
pk kunjananthan

കൊച്ചി: ടി.പി. വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തൻ പരോളിലിറങ്ങി പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്ന് സർക്കാർ. കോടതിയിൽ രാഷ്ട്രീയം പറയേണ്ടെന്ന് ഹൈക്കോടതി.

വിദഗ്ദ്ധ ചികിത്സയ്ക്കായി തന്റെ ശിക്ഷ മരവിപ്പിച്ച് പരോൾ അനുവദിക്കണെമന്ന് ആവശ്യപ്പെട്ട് സി.പി.എം പാനൂർ ഏരിയാ കമ്മിറ്റി അംഗമായ കുഞ്ഞനന്തൻ നൽകിയ ഹർജിയിലെ വാദത്തിനിടെയാണ് സർക്കാരിന് ഡിവിഷൻ ബെഞ്ചിന്റെ വിമർശനം. ജയിലിൽ കഴിഞ്ഞുകൊണ്ട് വിദഗ്ദ്ധ ചികിത്സ തേടാനാവില്ലേയെന്ന് കോടതി ചോദിച്ചപ്പോൾ, കുഞ്ഞനന്തൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും ശസ്ത്രക്രിയ നിർദദേശിച്ചിട്ടുണ്ടെന്നുമായിരുന്നു അഭിഭാഷകന്റെ മറുപടി.

കുഞ്ഞനന്തൻ. ആഗ്രഹിക്കുമ്പോഴൊക്കെ പരോൾ ലഭിക്കുന്നുണ്ടെന്നും, പരോളിലിറങ്ങി അദ്ദേഹം പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നതായി പരാതിയുണ്ടെന്നും ഹർജിയിലെ വാദങ്ങളെ എതിർത്ത് ടി.പി വധക്കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സി.കെ. ശ്രീധരൻ പറഞ്ഞു. സ്വാധീനമുള്ള കുറ്റവാളിയാണ് കുഞ്ഞനന്തൻ. പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കുഞ്ഞനന്തൻ തടവിൽ കഴിയുന്ന പ്രതിയായിരുന്നിട്ടും ഏരിയാ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഹർജിക്കാരന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നല്ല ചികിത്സ ലഭിക്കുന്നുണ്ട്. കുടുംബാംഗങ്ങൾ സന്ദർശിക്കുന്നതിനും തടസമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ സി.പി.എമ്മിന് കണ്ണൂരിലും പാനൂരിലും കുഞ്ഞനന്തന്റെ സ്വാധീനം ആവശ്യമുണ്ട്. ചികിത്സയുടെ പേരിൽ ശിക്ഷായിളവു നൽകിയാൽ ദുരുപയോഗിക്കുമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ വാദിച്ചു.

അതേസമയം, കുഞ്ഞനന്തൻ പരോളിലിറങ്ങി പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം. സി.പി.എം നിരോധിക്കപ്പെട്ട പാർട്ടിയല്ല, തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരമുള്ള സംഘടനയാണ്. സ്പെഷ്യൽ പ്രോസിക്യൂട്ടർ ഡി.സി.സി ഭാരവാഹിയായിരുന്നെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചപ്പോഴായിരുന്നു കോടതിയിൽ രാഷ്ട്രീയം പറയേണ്ടെന്ന് വ്യക്തമാക്കി കോടതിയുടെ ഇടപെടൽ. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ നിലവിലുള്ളപ്പോൾ സർക്കാർ അഭിഭാഷകന്റെ വാദം പ്രസക്തമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചികിത്സാ കാലയളവിൽ മുഴുവൻ സമയവും ഒപ്പം നിൽക്കാൻ ആളെ ആവശ്യമുണ്ടോയെന്ന് കുഞ്ഞനന്തൻ അറിയിക്കണമെന്ന് നിർദേശിച്ച കോടതി, ഹർജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.