murder
murder

പറവൂർ : ഭർത്താവിന് ഭക്ഷണത്തോടൊപ്പം ഉറക്കഗുളിക നൽകി ശ്വാസം മുട്ടിച്ച് കൊന്ന കേസിൽ ഭാര്യയ്ക്ക് ജീവപര്യന്തം. കാക്കനാട് തേങ്ങോട്ട് മനയ്ക്കക്കടവ് കോച്ചേരിയിൽ സജിത (39)യെയാണ് പറവൂർ അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. സജിതയെ തിരുവനന്തപുരം വനിതാ സെൻട്രൽ ജയിലിലേക്ക് മാറ്റി.

ഭർത്താവ് പോൾ വർഗീസിനെ (42) 2011 ഫെബ്രുവരി 22നാണ് ഉറക്കഗുളികകൾ കലർത്തിയ ഭക്ഷണം നൽകി മയക്കിയ ശേഷം തോർത്ത് ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയും മുഖത്തു തലയിണ വച്ച് അമർത്തിയും കൊലപ്പെടുത്തിയത്. തൂങ്ങിമരിച്ചതാണെന്ന് ബന്ധുക്കളോട് പറഞ്ഞെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് സംഭവം പുറത്തുവന്നത്.

രണ്ടാം പ്രതി കോട്ടയം പാമ്പാടി സ്വദേശി പാമ്പാടിക്കണ്ടത്തിൽ ടിസൻ കുരുവിളയുമായുള്ള സജിതയുടെ അടുപ്പമാണ് ഭർത്താവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. ടിസൻ കുരുവിളയെ സാഹചര്യ തെളിവുകളുടെ അഭാവത്തിൽ വെറുതേവിട്ടു.

സജിതയും ടിസൻ കുരുവിളയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ഇവരുടെയും പരസ്പരവിരുദ്ധമായ മൊഴികളും കേസിൽ നിർണായക തെളിവായി. കൊലപാതകം നടക്കുന്ന സമയത്ത് സജിതയുടെ നാലും എട്ടും വയസുള്ള കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നു.