mani-

കൊച്ചി: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണപരിശോധനക്ക് തയ്യാറാണെന്ന് വ്യക്തമാക്കി ഏഴ് സുഹൃത്തുക്കൾ എറണാകുളം സി.ജെ.എം കോടതിയിൽ മൊഴി നൽകി.

നടനായ ഇടുക്കി ജാഫർ, നടനും ടി.വി. അവതാരകനുമായ സാബുമോൻ, ജോബി സെബാസ്റ്റ്യൻ, സി.എ. അരുൺ, എം.ജി.വിപിൻ, കെ.സി.മുരുകൻ, അനിൽകുമാർ എന്നിവരാണ് മൊഴി നൽകിയത്. ഇവർ മണിയുടെ സുഹൃത്തുക്കളായിരുന്നു. മണിയുടെ മരണം അന്വേഷിക്കുന്ന തിരുവനന്തപുരത്തെ സി.ബി.ഐ സംഘം ഇവരുടെ നുണപരിശോധന നടത്താൻ കോടതിയുടെ അനുമതി തേടിയിരുന്നു. ഇതിലാണ് തങ്ങൾ പരിശോധനക്ക് തയ്യാറാണെന്ന് ഇവർ മൊഴി നൽകിയത്. തുടർന്ന് ഇതിന്മേൽ വിധി പറയാൻ കേസ് ഫെബ്രുവരി 12 നു പരിഗണിക്കാൻ മാറ്റി.

2016 മാർച്ച് ആറിനാണ് മണി മരിച്ചത്. ചാലക്കുടിയിലെ വീടിനോടു ചേർന്നുള്ള പാടിയിൽ കുഴഞ്ഞുവീണ മണിയെ അമൃത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കരൾ രോഗം മൂലമാണ് മരണമെന്ന നിഗമനത്തിൽ എത്തിയെങ്കിലും ശരീരത്തിൽ മെഥനോളിന്റെയും ക്ളോറോ പൈറിപ്പോസ് എന്ന കീടനാശിനിയുടെയും അംശം കണ്ടെത്തിയിരുന്നു. തുടർന്ന് മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഇവർ നൽകിയ ഹർജിയിലാണ് കേസന്വേഷണം സി.ബി.ഐക്കു വിട്ടത്.