pro-volly

കൊച്ചി: പ്രോ വോളിബാൾ ലീഗിൽ സ്വന്തം ആരാധകർക്ക് മുമ്പിൽ കൊച്ചി ബ്ളൂ സ്പൈക്കേഴ്സിന് മികച്ച ജയം. ഒന്നും അഞ്ചും സെറ്റുകളിൽ തോറ്റെങ്കിലും മറ്റു സെറ്റുകളിലൂടെ കൊച്ചി വിജയം കൈപ്പിടിയിലാക്കി. കൊച്ചിയുടെ ഡേവിഡ് ലീയാണ് കളിയിലെ താരം. പോയിന്റ് നില : 12-15, 15- 11, 15-12, 15-10, 14-15.

ആദ്യ സെറ്റിൽ മൂന്നിന് ശേഷമാണ് കൊച്ചി പോയിന്റ് വർദ്ധിപ്പിച്ചത്. ഏഴിലും ഒമ്പതിലും സമനിലയിലെത്തി. കൊച്ചി വിളിച്ച സൂപ്പർ പോയിന്റ് ഹൈദരാബാദ് പിടിച്ചെടുത്തു. 14 ൽ ഹൈദരാബാദ് നിൽക്കെ രണ്ടു പോയിന്റ് നേടി 12 ലെത്തിക്കാനേ കൊച്ചിക്ക് കഴിഞ്ഞുള്ളു.കൊച്ചിയുടെ പി. രോഹിതിന് സംഭവിച്ച പിഴവിലൂടെ ഹൈദരാബാദ് സെറ്റുറപ്പിച്ചു.

രണ്ടാം സെറ്റിൽ ഡേവിഡ് ലീയുടെ സ്മാഷിലൂടെ പോയിന്റ് നേടാനാരംഭിച്ച കൊച്ചിക്കായി എസ്. പ്രഭാകരനും മികച്ച പ്രകടനം പുറത്തെടുത്തു. ഒടുവിൽ ഹൈദരാബാദിന്റെ സ്മാഷ് പി‌ടിച്ചെടുത്ത് പ്രഭാകരൻ വിജയം കൊച്ചിക്ക് അനുകൂലമാക്കുകയായിരുന്നു.

ഒപ്പത്തിനൊപ്പമാണ് മൂന്നാം സെറ്റിലെ കളി നീങ്ങിയത്. മുന്നിൽ നിന്ന ഹൈദരാബാദിനെ അഞ്ചിലും ഏഴിലും പത്തിലും സമനില പിടിച്ചു. ഹൈദരാബാദ് വിളിച്ച സൂപ്പർ പോയിന്റ് കൊച്ചി സ്വന്തമാക്കി 14 ലെത്തിച്ചു. ഒരു പോയിന്റ് കൂടി ഹൈദരാബാദ് നേടിയെങ്കിലും മുജീബ് എം.സിയുടെ സ്മാഷിലൂടെ കൊച്ചി വിജയം സ്വന്തമാക്കി.

നാലാം സെറ്റിൽ തുടക്കം മുതൽ കൊച്ചി മുന്നേറി. ഹൈദരാബാദ് മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. പത്തു പോയിന്റിൽ അവർ കൊച്ചിക്ക് മുമ്പിൽ കീഴടങ്ങി.

അവസാന സെറ്റിലും ഒപ്പത്തിനൊപ്പം പോരാട്ടമായിരുന്നു. എട്ടിലും ഒൻപതിലും പത്തിലും 12 ലും 13 ലും 14 ലും സമനിലയിലായിരുന്നു. കൊച്ചി ബ്ളു സ്പൈക്കേഴ്സും കാലിക്കട്ട് ഹീറോസും തമ്മിലാണ് ഇന്നത്തെ പോരാട്ടം.