കൊച്ചി: കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണിക്കെതിരെ ഒളിയമ്പുമായി കെ.എസ്.യു എറണാകുളം ജില്ലാ സമ്മേളനത്തിൽ പ്രമേയം. ആന്റണിയുടെ മകൻ അനിൽ ആന്റണിയെ കെ.പി.സി.സി ഡിജിറ്റൽ മീഡിയാ കൺവീനറായി നിയമിച്ചത് പരോക്ഷമായി സൂചിപ്പിച്ചാണ് കടന്നാക്രമണം.
'പ്രസ്ഥാനത്തിനു വേണ്ടി കല്ലിൽത്തട്ടി പോലും കാലുമുറിയാത്ത ചില അഭിനവ പൽവാൽ ദേവന്മാരുടെ പട്ടാഭിഷേകത്തിന്റെ ശംഖൊലി മുഴങ്ങുന്നത് യഥാർത്ഥ പ്രവർത്തകർക്ക് നെഞ്ചിടിപ്പുണ്ടാക്കുന്നു. പോസ്‌റ്റർ ഒട്ടിച്ചും മുദ്രാവാക്യം വിളിച്ചും സമരം ചെയ്‌ത് തല്ലുകൊണ്ട് കോടതി കയറിയും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരുടെ നെഞ്ചത്തേക്കുള്ള ഇത്തരം സൈബർ ഇറക്കുമതികൾ ചോദ്യം ചെയ്യപ്പെടണം.' പ്രസ്താവനയിൽ പറയുന്നു.
'ഈ പട്ടാഭിഷേകത്തിനായി ശംഖൊലി മുഴക്കുന്നവർ പിൽക്കാല പട്ടാഭിഷേകങ്ങൾക്കുള്ള ചില ടെസ്‌റ്റ് ഡോസാണോ നടത്തുന്നതെന്ന് കെ.എസ്.യു സംശയിക്കുന്നു. ഇവർക്കൊക്കെ ലീഡറുടെ മക്കൾ മാത്രമായിരുന്നു കിങ്ങിണിക്കുട്ടൻമാർ. ഇത്തരം ടെസ്‌റ്റ് ഡോസുകളെ നിർവീര്യമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്....' എന്നു തുടരുന്ന പ്രമേയത്തിൽ 'അങ്ങും പുത്രവാത്സല്യത്താൽ അന്ധനായോ എന്ന ഭഗവത്ഗീതയിലെ ചോദ്യം കേരളത്തിലെ ഉന്നതനേതാക്കളോട് ചോദിക്കാൻ കെ.എസ്.യു പ്രവർത്തകർ തയ്യാറാകണ'മെന്നും പറയുന്നു.
പരിസ്ഥിതി രാഷ്ട്രീയത്തിൽ പി.ടി. തോമസായിരുന്നു ശരിയെന്നു മനസിലാക്കാൻ പാർട്ടിക്ക് മഹാപ്രളയം വേണ്ടിവന്നു. അന്ന് പരസ്യമായി തള്ളിപ്പറഞ്ഞവരും ശവമഞ്ച ഘോഷയാത്ര നടത്തിയവരും മനസുകൊണ്ടെങ്കിലും മാപ്പ് ചോദിക്കുന്നത് ഉചിതമായിരിക്കും- ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഭാഗ്യനാഥ് അവതരിപ്പിച്ച പ്രമേയം പറയുന്നു.