കൊച്ചി:കടവന്ത്രയിലെ ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ അധോലോക നായകൻ രവി പൂജാരിയെ വിട്ടുകിട്ടുന്നതിനായി ക്രൈംബ്രാഞ്ച‌് ബംഗളുരൂവിലെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഓഫീസിൽ കത്ത‌് നൽകി. സെനഗലിൽ അറസ‌്റ്റിലായ രവി പൂജാരിയെ ഇന്ത്യയിലെത്തിക്കാനുള്ള ഐ.ബിയുടെ നടപടികൾ പുരോഗമിക്കുകയാണ്.
മുംബയ്, ബംഗളുരൂ എന്നിവിടങ്ങളിലായി 16 കേസുകൾ രവി പൂജാരിക്കെതിരെയുണ്ട‌്. ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ പൂജാരിയുടെ പങ്ക‌് കണ്ടെത്തിയതിനാലാണ‌് ഇയാളെ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച‌് ഐ.ജി എസ‌്. ശ്രീജിത്ത‌് കത്ത‌് നൽകിയത‌്.
ആവശ്യമെങ്കിൽ പാർലർ ഉടമയായ നടി ലീനയിൽ നിന്നു വീണ്ടും മൊഴിയെടുക്കും. നടിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ രവി പൂജാരി പ്രാദേശിക ഗുണ്ടകളുടെ സഹായം തേടിയതായാണ‌് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഹെൽമറ്റ‌് ധരിച്ച‌് ബൈക്കിലെത്തിയ രണ്ടുപേരാണ‌് ബ്യൂട്ടി പാർലറിലേക്ക‌് വെടിവച്ചത‌്. രക്ഷപ്പെട്ട പ്രതികൾ ഉപയോഗിച്ച ഫോൺ നമ്പരുകളും വിളിയുടെ വിവരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട‌്. ഡിസംബർ 15നായിരുന്നു സംഭവം.