ആലുവ: ജൈവരീതിയിൽ പഴുപ്പിച്ച നാടൻ മാമ്പഴങ്ങൾ തുടങ്ങി കൈത്തറി വസ്ത്രങ്ങൾ വരെ ലഭിക്കുന്ന മലബാർ മാവ് കർഷക സമിതി സംഘടിപ്പിക്കുന്ന വിപണനമേള ആലുവയിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അദ്ധ്യക്ഷ ലിസി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വി. ചന്ദ്രൻ, ജെറോം മൈക്കിൾ, പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, പി.എം. മൂസാക്കുട്ടി എന്നിവർ സംസാരിച്ചു. എബി ഫ്രാൻസിസ് സ്വാഗതവും ഹാഷിർ നന്ദിയും പറഞ്ഞു.
ആൾ കേരള ജാക്ക് ഫ്രൂട്ട് പ്രമോഷൻ അസോസിയേഷന്റെ സഹായത്തോടെയാണ് മേള . മൂല്യവർദ്ധിത ഉത്പന്നങ്ങളായ ഉപ്പിലിട്ട മാങ്ങ, വ്യത്യസ്തരീതിയിലുള്ള 15 തരം മാങ്ങാ അച്ചാറുകൾ, ജാതിക്ക, നെല്ലിക്ക, ഇഞ്ചി, പഞ്ചമുളക്, കാന്താരിമുളക് തുടങ്ങി 20ൽപ്പരം ഗ്രാമീണ അച്ചാറുകളും ലഭിക്കും.
നാവിൽ കൊതിയൂറുന്ന ചക്കയും ചക്കയിൽ നിന്നുള്ള 45ലേറെ മൂല്യവർദ്ധിത ഉത്പന്നങ്ങളും മേളയിലുണ്ട്. ചക്ക ഉണ്ണിയപ്പം, ചക്കപ്പായസം, ചക്ക ഹൽവ, ചക്ക മിക്സ്ചർ, ചക്കച്ചമ്മന്തി തുടങ്ങിയവചക്ക ഉത്പന്നങ്ങളിൽ പ്രധാനപ്പെട്ടതാണ്.
കാർഷിക സർവകലാശാലയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന യൂണിറ്റുകളുടെ വൈവിദ്ധ്യമാർന്ന ഉത്പ്പന്നങ്ങളും മേളയിലുണ്ട്. യു.പി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുർത്തികൾ ഉൾപ്പെടെയുള്ള വസ്ത്രങ്ങളും മേളയുടെ പ്രത്യേകതയാണ്. ഫാൻസി ഇനങ്ങളുടെയും വിപുലമായ ശേഖരമുണ്ട്.