പ്രോ വോളിബാളിൽ കൊച്ചിയെ കോഴിക്കോട് വീഴ്ത്തി
കൊച്ചി: ഗാലറിയിൽ ഇരമ്പിയാർത്ത ആരാധക സഹസ്രങ്ങൾക്ക് മുമ്പിൽ കൊച്ചിയെ തകർത്തെറിഞ്ഞ് കോഴിക്കോടിന്റെ കൊലമാസ് പ്രകടനം.
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ലീഗിലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ അഞ്ചിൽ അഞ്ചു സെറ്രും സ്വന്തമാക്കിയാണ് കോഴിക്കോട് കൊച്ചിയെ തകർത്തത്. പോയിന്റ് : 15-11, 15- 9, 15- 14, 15-13, 15- 10.
കോഴിക്കോടിന്റെ പോൾ ലോട്ട്മാനും ജെറോം വിനീതുമാണ് കളിയിലെ മികച്ച താരങ്ങൾ. പ്രോ വോളിബാളിൽ കൊച്ചിയുടെ ആദ്യ തോൽവി ആരാധകരെ നിരാശയിലാക്കി.
ആദ്യ സെറ്റിൽ തുടക്കം മുതൽ കോഴിക്കോടാണ് മുൻതൂക്കം നേടിയത്. ആരാധകർ കൂടുതൽ കൊച്ചിക്കായിരുന്നെങ്കിലും ത്രസിപ്പിക്കുന്ന കളി കോഴിക്കോടിന്റേതായിരുന്നു. എ. കാർത്തിക്കിന്റെയും പോൾ ലോട്ട്മാന്റെയും ജെറോം വിനീതിന്റെയും പ്രഭാകരൻ എസിന്റെയും അജിത്‌ലാൽ സിയുടെയും മിന്നുന്ന സ്മാഷുകൾക്ക് മുമ്പിൽ കൊച്ചി പതറി.
രണ്ടാം സെറ്റിൽ കോഴിക്കോടാണ് തുടക്കം മുതൽ കുതിച്ചത്. കൊച്ചിക്ക് ഒരു പോയിന്റു പോലും നൽകാതെ അഞ്ചു പോയിന്റ് കോഴിക്കോട് തുടർച്ചയായി നേടി. ജെറോം വിനീതും കാർത്തിക്കും വിപുൽകുമാറും പോൾ ലോട്ട്മാനുമാണ് മികച്ച സ്മാഷും ബ്ളോക്കും വഴി പോയിന്റ് ഉയർത്തിയത്. ജെറോം വിനീതിന്റെ പിഴവിലൂടെയാണ് കൊച്ചി ആദ്യ പോയിന്റ് നേടിയത്. വീണ്ടുമൊരു പോയിന്റ് വിട്ടുനൽകാതെ ഒൻപതു പോയിന്റ് വരെ കോഴിക്കോട് മുന്നേറി. അജിത് ലാലിന്റെ ശക്തമായ സ്മാഷിലൂടെ കോഴിക്കോട് 14 നേടി. വിളിച്ച സൂപ്പർ പോയിന്റ് അനുകൂലമായതോടെ കൊച്ചി 7 പോയിന്റിലെത്തി. രണ്ടു പോയിന്റ് കൂടി നേടാൻ കൊച്ചിക്ക് കഴിഞ്ഞെങ്കിലും ജെറോം വിനീതിന്റെ പ്രതിരോധം തുളച്ചുകയറിയ സൂപ്പർ സ്മാഷിലൂടെ കോഴിക്കോട് രണ്ടാം സെറ്റും സ്വന്തമാക്കി.
മൂന്നാം സെറ്റിലും കോഴിക്കോട് തുടക്കത്തിലെ മുന്നേറി. എന്നാൽ 14 ൽ കൊച്ചി ഒപ്പമെത്തി. അനുകൂലമായി ലഭിച്ച പന്ത് ഇല്ലൗണി ഗാമ്പൗറയുടെ തകർപ്പൻ സ്മാഷായി മാറിയതോടെ മൂന്നാം സെറ്റും കോഴിക്കോടിന്റെ സ്വന്തമായി.
വിജയം നേടണമെന്നുറപ്പിച്ച കളിയാണ് നാലാം സെറ്റിൽ കൊച്ചി പുറത്തെടുത്തതെങ്കിലും ഫലം കണ്ടില്ല. പോയിന്റിൽ ആദ്യം മുന്നേറിയ കോഴിക്കോടിന്റെ ഒപ്പമെത്താൻ പലതവണ കഴിഞ്ഞു. അഞ്ചിലും ആറിലും ഏഴിലും 13 ലും സമനില പിടിച്ചു. പ്രഭാകരന്റെ കനത്ത സ്മാഷ് കൊച്ചി തടഞ്ഞത് പുറത്തേക്ക് തെറിച്ചതോടെ കോഴിക്കോട് 14 ലെത്തി. പോൾ ലോട്ട്മാൻ നൽകിയ സർവീസ് പിടിച്ചെടുത്ത് രോഹിതിന് സ്മാഷിന് നൽകിയെങ്കിലും വലയിൽ കുരുങ്ങിയതോടെ നാലാം സെറ്റും കോഴിക്കോടിന് സ്വന്തമായി.
അവസാന സെറ്റിൽ തീപാറുന്ന പ്രകടനമായിരുന്നു. പോയിന്റിൽ ഒപ്പത്തിനൊപ്പം നിന്ന് ഇരു ടീമും കാണികളെ ഹരം കൊള്ളിക്കുന്ന പ്രകടനമാണ് നടത്തിയത്. 13 -10 ൽ നിൽക്കെ സർവീസ് പിടിക്കാൻ കൊച്ചിക്ക് കഴിയാതെ ലഭിച്ച സൂപ്പർ പോയിന്റിലൂട കോഴിക്കോട് അവസാന സെറ്റും ഉജ്വലമായി സ്വന്തമാക്കി. ഇന്നത്തെ മത്സരത്തിൽ കോഴിക്കോടും ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും.